ഇരിട്ടി: പതിനൊന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ വാണിയപ്പാറ തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം എന്നു തോന്നിക്കുന്ന വസ്തു കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി.
കല്ലറ തുറന്ന് പരിശോധിച്ചതിൽ 2006ൽ മറിയം മൊയ്യപ്പള്ളിലിനെ അടക്കം ചെയ്തപ്പോൾ പെട്ടിയിൽ ഉണ്ടായിരുന്ന പായയാണു നേരത്തെ മൃതദേഹമായി തെറ്റിദ്ധരിച്ചതെന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ വ്യക്തമായി.
പായയ്ക്കൊപ്പം കണ്ടെത്തിയ മൃതദേഹത്തിന്റെ അസ്ഥികളും സംസ്കരിച്ചപ്പോൾ ധരിപ്പിച്ചിരുന്ന പരമ്പരാഗത ക്രിസ്ത്യൻ വസ്ത്രമായ കവണിയുടെ അവശിഷ്ടങ്ങളും രണ്ടു കൊന്തയും കണ്ടെത്തി. കല്ലറയിൽത്തന്നെ പെട്ടിയിൽ കണ്ടെത്തിയത് 2015 ൽ സംസ്കരിച്ച ജയിംസ് കുമ്പുക്കലിന്റെ മൃതദേഹ അവശിഷ്ടങ്ങളാണെന്നും സ്ഥിരീകരിച്ചു. കല്ലറയിൽ കണ്ടെത്തിയ തെളിവുകൾ ഇവരുടേതുതന്നെയെന്ന് ബന്ധുക്കളും തിരിച്ചറിഞ്ഞു.
കല്ലറയുടെ അടിഭാഗത്തെ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ മൂന്നാമത്തെ മൃതദേഹത്തിന്റെ യാതൊരു സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ, കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ വസ്തു കണ്ടെത്തിയ സംഭവത്തിൽ യാതൊരു അസ്വാഭാവികതയും ഇല്ലെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയിരിക്കുകയാണ് പോലീസും പള്ളി അധികൃതരും.
എങ്കിലും സംശയത്തിന് ഇടനൽകാതെ ശാസ്ത്രീയ സ്ഥിരീകരണംകൂടി വരുത്തുന്നതിനായി ഡിഎൻഎ ഉൾപ്പെടെയുള്ള ഫോറൻസിക് പരിശോധനകൾക്കായി മൃതദേഹാവശിഷ്ടങ്ങളുടെ സാന്പിളുകൾ ശേഖരിച്ചു. രണ്ടുപേരുടെയും തലയോട്ടിയും തുടയെല്ലുകളുടെ ഭാഗങ്ങളും പല്ലുകളും കണ്ടെത്തിയവയിൽ ഉൾപ്പെടും.
അഡീഷണൽ എസ്പി എ.എൻ. ജയരാജന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഫോറൻസിക് സർജൻ ഡോ. പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഇരിട്ടി ഹെഡ് ക്വാർട്ടേഴ്സ് തഹസിൽദാർ അനീഷ് ശങ്കർ, ഫോറൻസിക് - വിരലടയാള വിദഗ്ധർ, മെഡിക്കൽ ബോർഡ് അംഗങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർ, പള്ളി അധികൃതർ, നേരത്തേ അടക്കം ചെയ്തിട്ടുള്ള മറിയത്തിന്റെ കൊച്ചുമകൻ, ജയിംസിന്റെ രണ്ടു മക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും സെമിത്തേരിയിലേക്ക് പ്രവേശിപ്പിച്ചില്ല. 10.15 ഓടെ ആരംഭിച്ച പരിശോധന ഒന്നര മണിക്കൂർ നീണ്ടു.
കുന്നോത്ത് സെന്റ് തോമസ് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബേബി തോലാനി, അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോസുകുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, പഞ്ചായത്ത് അംഗങ്ങൾ, പേരാവൂർ ഡിവൈഎസ്പി മോഹനചന്ദ്രൻ, കരിക്കോട്ടക്കരി എസ്എച്ച്ഒ ആർ.എൻ. പ്രശാന്ത്, പ്രിൻസിപ്പൽ എസ്ഐ എം.ജെ. ബെന്നി, ഇരിട്ടി ഡെപ്യൂട്ടി തഹസിൽദാർമാരായ ബിജി ജോൺ, മനോജ് കുമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
വിലങ്ങാട് സ്വദേശി സിജോ സ്കറിയെ കാണാതായ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി സ്റ്റേഷനിൽനിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. കരിക്കോട്ടക്കരി, ആറളം, ഉളിക്കൽ, ഇരിട്ടി, പയ്യാവൂർ, ശ്രീകണ്ഠപുരം സ്റ്റേഷനുകളിലെ പോലീസുകാരും കണ്ണൂർ റൂറൽ എആർ ക്യാന്പിൽ നിന്നുള്ള സേനാംഗങ്ങളുമടക്കം വൻ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
Tags : Mystery lifted two bodies Vaniyaparathatt church graveyard