ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ ഇളയ മകൻ സജിയെ റിമാൻഡ് ചെയ്തു. നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസം റിമാൻഡ് ചെയ്തത്.
അതേസമയം, അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിക്രൂരമായാണ് സജി കൊലപ്പെടുത്തിയത്. സഹോദരൻ റെജിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ റെജി ഭക്ഷണം കഴിക്കുന്നതിനിടെ ടിവി ഓഫ് ചെയ്യുകയും ചോറടങ്ങിയ പ്ലേറ്റ് നിലത്തടിക്കുകയും ചെയ്തതോടെ സജി പ്രകോപിതനായി.
മർദ്ദനമേറ്റ് അവശനായ റെജിയെ കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് സജി കൊലപ്പെടുത്തിയത്. സഹോദരൻ മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സജി അമ്മയ്ക്ക് നേരെ തിരിഞ്ഞത്.
റെജിയെ ആക്രമിക്കുന്നത് തടയാൻ എത്തിയ അമ്മ മേരിക്കുട്ടിയെ സജി ക്രൂരമായി മർദ്ദിച്ചു. സജിയുടെ ഇടിയേറ്റ് ബോധരഹിതയായി വീണ അമ്മയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് മരണം ഉറപ്പാക്കിയത്. കൊലപാതകത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും രണ്ട് ദിവസത്തോളം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.
മൃതദേഹങ്ങൾ വീടിന് സമീപമുള്ള വിറകുപുരയിലെ ചെറിയ വിടവിൽ പച്ച നെറ്റും തുണിയും ഉപയോഗിച്ച് സജി മൂടിവെച്ചു. മൃഗങ്ങൾ മൃതദേഹം കടിച്ചുകൊണ്ടുപോകാതിരിക്കാൻ ഭാരമുള്ള വസ്തുക്കളും ഇതിന് മുകളിൽ കയറ്റിവെച്ചിരുന്നു.
മൂന്നാം ദിവസം അർദ്ധരാത്രിയോടെ മുൻപ് ചാണകക്കുഴി ഉണ്ടായിരുന്ന, ഇപ്പോൾ ഏലം നട്ട ഭാഗത്ത് കുഴിയെടുത്താണ് രണ്ട് മൃതദേഹങ്ങളും കുഴിച്ചുമൂടിയത്. മൃതദേഹങ്ങൾ പെട്ടെന്ന് അഴുകുന്നതിനായി കുമ്മായം ഉപയോഗിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം ഏകദേശം 25 ദിവസത്തോളം സജി യാതൊരു കൂസലുമില്ലാതെയാണ് നാട്ടിൽ കഴിഞ്ഞിരുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോകുകയും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും ചെയ്ത പ്രതി, താൻ ഉടനെ വിവാഹിതനാകാൻ പോകുകയാണെന്ന് പറഞ്ഞ് നാട്ടുകാരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
Tags : Nedumkandam double murder case Saji remanded