കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വിവാദമായ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ട ലംഘനം നടന്നോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ പേരാമ്പ്രയിൽ എൽഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചത്.
വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചതോടെ അദ്ദേഹം ക്ഷുഭിതനായി. "ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര ധൃതി?" എന്നാണ് അദ്ദേഹം ചോദിച്ചത്. വിവാദമായ അനൗൺസ്മെന്റ് എൽഡിഎഫ് നടത്തിയിട്ടില്ലെന്നും, ആരോപണം ഉന്നയിക്കുന്നവർ അതിന് തെളിവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന അനൗൺസ്മെന്റുകളുടെ റെക്കോർഡുകൾ അടങ്ങിയ പെൻഡ്രൈവ് പരിശോധനയ്ക്കായി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പേരാമ്പ്രയിൽ അത് തകർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ എന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ മതം പറഞ്ഞ് വോട്ട് പിടിക്കാൻ എൽഡിഎഫ് ശ്രമിച്ചു എന്നാരോപിച്ച് യുഡിഎഫ് നൽകിയ പരാതിയിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്നാൽ ഇത്തരമൊരു അനൗൺസ്മെന്റുമായി എൽഡിഎഫിന് ബന്ധമില്ലെന്നാണ് മുന്നണിയുടെ ഔദ്യോഗിക വിശദീകരണം. ഈ വിഷയത്തിൽ ഫാത്തിമ തഹ്ലിയയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
Tags : T.P. Ramakrishnan Election Commission Perambra Latest News