കൊച്ചി: പോലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാറില്‍ ഉണ്ടായിരുന്ന യുവതിയെ പോലീസ് ചോദ്യംചെയ്യും. കേസില്‍ രണ്ടു പ്രതികളെ വ്യാഴാഴ്ച കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചതിനാലാണ് കാര്‍ നിര്‍ത്താതെ പോയത് എന്നാണ് പ്രതികളായ ഇര്‍ഷാദും (27) ഷംനാദും (23) മൊഴി നല്‍കിയത്.
എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ലഹരിക്കടത്തുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് ഇവരുടെ കൂടെ ഉണ്ടായത്. പോലീസ് യുവതിയുടെ മൊഴി എടുക്കും.
എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ എഎസ്‌ഐ പി.എസ് സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ 20 മീറ്റര്‍ മുന്നോട്ടേക്ക് ഓടി. സഡന്‍ ബ്രേക്ക് ഇട്ടതോടെ എഎസ്‌ഐ തെറിച്ചുവീണു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം.
കലൂര്‍ ശാസ്ത റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് ബെലേനോ കാര്‍ പോലീസുകാരെ ഇടിച്ചുവീഴ്ത്തി രക്ഷപ്പെട്ടത്. എഎസ്‌ഐ സന്തോഷിന്‍റെ രണ്ടു കാലുകള്‍ക്കും തലയ്ക്കും പരിക്കേറ്റു.
സന്തോഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സന്തോഷിനൊപ്പം എഎസ്‌ഐ പ്രമോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്, സിപിഒ മണികണ്ഠന്‍ എന്നിവരും ഉണ്ടായിരുന്നു.