തിരുവനന്തപുരം: ബിജെപി, ആർഎസ്എസ് പ്രസ്ഥാനങ്ങളിലെ പ്രവർത്തകരുടെയും നേതാക്കളുടെയും ജീവന് ആ പ്രസ്ഥാനങ്ങൾ തന്നെ ഭീഷണിയാകുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇക്കാര്യത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഒളിച്ചുകളി നടത്തുകയാണെന്നും മന്ത്രി വി. ശിവൻകുട്ടി.
ആർഎസ്എസ്, ബിജെപി നേതാക്കളുടെ ലൈംഗിക പീഡനങ്ങളും സാന്പത്തിക തിരിമറിയും മണ്ണ് മാഫിയ ബന്ധങ്ങളും പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുകയാണ്. എന്നിട്ടും സ്വന്തം പ്രവർത്തകരുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ നേതാക്കൾക്കെതിരെ നടപടി കൈക്കൊള്ളാതെ രാജീവ് ചന്ദ്രശേഖർ ഒളിച്ചു കളിക്കുന്നു. ഏതാനും നാളുകൾക്ക് അകം നിരവധി ബിജെപി, ആർഎസ്എസ് പ്രവർത്തകർ ആത്മഹത്യ ചെയ്തു. ഇതിലെല്ലാം പാർട്ടി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്.
തിരുവനന്തപുരത്ത് ലോഡ്ജിൽ ആത്മഹത്യ ചെയ്ത അനന്തു അജി, ആർഎസ്എസ് ക്യാന്പുകളിൽ നേരിട്ട ലൈംഗിക പീഡനങ്ങളെത്തുടർന്നാണ് കടുംകൈ ചെയ്തത്. ആത്മഹത്യക്ക് മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ആർഎസ്എസ് നേതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അനന്തു വെളിപ്പെടുത്തി.
തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ കൗണ്സിലറുമായ തിരുമല അനിൽ ജില്ലാ ഫാം ടൂർ സഹകരണ സംഘം സാന്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്. പ്രതിസന്ധിയിൽ പാർട്ടി ഒറ്റപ്പെടുത്തിയെന്ന ആത്മഹത്യാക്കുറിപ്പിലെ പരാമർശം, ബിജെപി നേതൃത്വത്തിന്റെ പ്രവർത്തകരോടുള്ള സമീപനം വ്യക്തമാക്കുന്നു.
സ്ഥാനാർഥിത്വം നിഷേധിച്ചതിലും പാർട്ടി നേതാക്കളുടെ മണ്ണ് മാഫിയ ബന്ധങ്ങളിലെ പ്രതിഷേധം അറിയിച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ആർഎസ്എസുകാരനായി ജീവിച്ചതാണ് തെറ്റെന്ന് ആനന്ദിന്റെ ആത്മഹത്യകുറിപ്പിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Tags : V. Sivankutty cpm bjp