തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള പോരിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണ്. സംഘടന മര്യാദ പാലിക്കണം. വലിച്ചുകീറിയ കെസിയുടെ ഫ്ലക്സിൽ ഉമ്മൻചാണ്ടിയുടെ ചിത്രമുണ്ടായിരുന്നു. അത് കീറിയവർ കോൺഗ്രസുകാരല്ല. കെസിക്കൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രമുണ്ടെങ്കിൽ അതും നശിപ്പിക്കുമായിരുന്നെന്നും ഉണ്ണിത്താൻ പറഞ്ഞു.
സംഘടനാ ജനറൽ സെക്രട്ടറിയായ കെസിയെ എങ്ങനെ തള്ളിക്കളയാൻ പറ്റും. കേരളത്തിലെ ഒരു കോൺഗ്രസ് നേതാക്കളും മിണ്ടുന്നില്ല. സമൂഹ മാധ്യമങ്ങളിൽ ആക്രമിക്കപ്പെടുമെന്ന് നേതാക്കൾക്ക് പേടിയാണ്.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നേതാക്കൾക്ക് അവസാനം വരെ പൊരുതാം. തെരുവ് യുദ്ധം നടത്തരുത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഒരു എതിർ ശബ്ദവും ഉയരില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
Tags : rajmohan unnithan congress