തിരുവനന്തപുരം: ഡോക്ടര്‍മാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ വിശദമായ പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു. ഇതോടുകൂടി ഒപികള്‍, അധ്യയനം, ശസ്ത്രക്രിയകള്‍ എന്നിവ ഇന്നുമുതല്‍ പുനരാരംഭിക്കാന്‍ തീരുമാനമായി.
സര്‍ക്കാര്‍ നല്കിയ ഉറപ്പിനെത്തുടര്‍ന്ന് രോഗികളുടെയും വിദ്യാര്‍ഥികളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നിലവിലെ സമര പരിപാടികള്‍ താത്കാലികമായി നീട്ടിവയ്ക്കാന്‍ തീരുമാനിച്ചതായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇതോടുകൂടി ഒരാഴ്ചത്തേക്ക് നിരാഹാര സമരവും നിര്‍ത്തിവച്ചിരിക്കുകയാണ്.
ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി കെജിഎംസിടിഎ സംസ്ഥാന ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചകളിലാണ് അനുകൂല തീരുമാനമുണ്ടായത്. 18 മാസത്തെ കുടിശിക ഇപ്പോള്‍ തന്നെ അനുവദിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് നല്‍കാമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നല്‍കുകയായിരുന്നു.
തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പിലാക്കാമെന്ന് നേരത്തെ തന്നെ അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തപക്ഷം കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. റോസ്നാര ബീഗവും ജനറല്‍ സെക്രട്ടറി സി.എസ് അരവിന്ദും അറിയിച്ചു.
Tags : Salary hike Doctors strike postponed