കൊച്ചി: കേരള തീരത്തുണ്ടായ കപ്പല്‍ അപകടത്തിൽ ബാങ്ക് ഗ്യാരന്റി തുക ഹൈക്കോടതിയിൽ കെട്ടിവച്ച് കപ്പൽ കമ്പനി. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയാണ് എൽസ-3 എന്ന കപ്പൽ അപകടത്തിൽപെട്ടതിനെ തുടർന്ന് ബാങ്ക് ഗ്യാരന്റി തുക കെട്ടിവച്ചത്.
1227.62 കോടി രൂപയാണ് എംഎസ്സി കമ്പനി കോടതിയിൽ കെട്ടിവച്ചത്. നേരത്തേ കമ്പനി തുക കെട്ടിവയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്സി അകിറ്റേറ്റ-2 എന്ന കപ്പൽ കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
എന്നാൽ ബാങ്ക് ഗ്യാരന്റി തുക കെട്ടിവച്ചതോടെ കപ്പൽ വിട്ടയക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. കപ്പല്‍ അപകട കേസിൽ വിധി അനുകൂലമായാല്‍ പലിശ ഉൾപ്പെടെ ഈ തുക സംസ്ഥാനത്തിന് ലഭിക്കും. മെയ് മാസത്തിലായിരുന്നു കൊച്ചി പുറംകടലിൽ കപ്പൽ അപകടത്തിൽപെട്ടത്.
അപകടത്തിൽ 9,531 കോടി രൂപയുടെ നാശം പരിസ്ഥിതിക്ക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാർ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. എന്നാൽ 136 കോടി രൂപയുടെ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നാണ് കമ്പനിയുടെ വാദം.
Tags : msc msc elsa3 kochi kerala high court