കൊച്ചി: സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം സംസ്ഥാനത്തു നഷ്ടമായത് 700 കോടിയിലധികം രൂപ. തട്ടിപ്പുപണത്തിന്റെ ഭൂരിഭാഗവും വീണ്ടെടുക്കാനായിട്ടില്ലെന്നു മാത്രമല്ല, നല്ലൊരു ശതമാനം പണം തട്ടിപ്പുസംഘം വിദേശത്തേക്കു കടത്തുകയും ചെയ്തതായാണു റിപ്പോർട്ട്.
സൈബര്‍ ഓപ്പറേഷന്‍സ് യൂണിറ്റിന്റെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 775 കോടി രൂപയാണു തട്ടിപ്പിലൂടെ നഷ്ടമായിട്ടുള്ളത്. അതായത്, പ്രതിദിനം രണ്ടു കോടി രൂപയിലധികം. സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ വര്ധനയുണ്ടായിട്ടുള്ളതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലര്‍ക്കും സമ്പാദ്യത്തിന്റെ പകുതിയിലധികവും നഷ്ടപ്പെട്ടിട്ടുണ്ട്. 50 വയസ് പിന്നിട്ടവരാണ് ഇരകളിലേറെയും.
ഇതില്‍ത്തന്നെ വ്യാജ ട്രേഡിംഗിലൂടെയും വെര്‍ച്വല്‍ അറസ്റ്റിലൂടെയുമാണ് പണം ഏറ്റവുമധികം നഷ്ടപ്പെട്ടിട്ടുള്ളതെന്ന് സൈബര്‍ വിഭാഗം വ്യക്തമാക്കുന്നു.
കരിയര്‍ ആരംഭിക്കുന്ന യുവ പ്രഫഷണലുകള്‍ മുതല്‍ പരിചയസമ്പന്നരായ ഉയര്‍ന്ന ജോലിക്കാര വരെ നിക്ഷേപ തട്ടിപ്പില്‍ അകപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സൈബര്‍ തട്ടിപ്പ് നടന്നതും ഈ കാലയളവിലാണ്. വ്യാജ ട്രേഡിംഗിലൂടെ കൊച്ചിയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയ്ക്കു നഷ്ടമായത് 24.76 കോടി രൂപയാണ്.
വെര്‍ച്വല്‍ അറസ്റ്റുകളെക്കുറിച്ച് ഏറ്റവുമധികം ബോധവത്കരണം നടന്നതും ഇത്തരത്തില്‍ ഏറ്റവുമധികം പേര് വെര്‍ച്വല്‍ തട്ടിപ്പിനിരയായി പണം നഷ്ടമായതും ഈ വര്‍ഷമാണ്.
ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന പദവിയും ഉള്ളവര്‍പോലും ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ മറ്റ് ആളുകളുടെ സഹായം തേടാതെ തട്ടിപ്പില്‍ അകപ്പെട്ട സംഭവങ്ങളും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Tags : Cyber criminals stole 775 crore virtual arrests cyber bullying