കല്‍പ്പറ്റ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സിപിഎം പ്രചാരണം ഇപ്പോള്‍ സജീവ ചര്‍ച്ചയിലുള്ള വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓഷിന്‍ ഹോട്ടല്‍ വളപ്പില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്‌യുക്കാര്‍ മന്ത്രിയെ ആക്രമിക്കുന്നത് മഷിയിട്ടുനോക്കിയിട്ടും കാണാന്‍ കഴിയുന്നില്ല. കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ല. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയാണ് പ്രകോപിതയായി പെരുമാറിയത്. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇല്ലാത്ത സംഭവത്തിന്‍റെ പേരിലാണ് സിപിഎം ഉണ്ടാക്കുന്ന ബഹളങ്ങള്‍. ആരോഗ്യമേഖലയില്‍ വന്‍കിട മെഡിക്കല്‍ കമ്പനികള്‍ പിടിമുറുക്കുന്നതടക്കം വിഷയങ്ങള്‍ കേരളം ചര്‍ച്ച ചെയ്തുവരികയാണ്.
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്ക് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച മുഴുവന്‍ വീടുകളുടെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ 105 വീടുകളാണ് മുസ്‌ലിംലീഗ് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ പ്രവൃത്തി പൂര്‍ത്തിയായ 51 വീടുകളുടെ കൈമാറ്റം 28ന് നടത്തും. 54 വീടുകളുടെ നിര്‍മാണം മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കും.
മൂന്ന് കിടപ്പുമുറിയടക്കം സൗകര്യങ്ങളോടെയാണ് ഓരോ വീടും നിര്‍മിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും ഫര്‍ണിച്ചര്‍ നല്‍കും. മുസ്‌ലിംലീഗ് ഭവന പദ്ധതിക്ക് സര്‍ക്കാരിന്‍റെ പിന്തുണ ലഭിച്ചിട്ടുണ്ട്. എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത ഭൂമിയില്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്.
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി നേതാക്കളായ പി.കെ. ബഷീര്‍ എംഎല്‍എ, ടി. മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, അബ്ദുള്ള മാടക്കര, പി.പി. അയൂബ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Tags : p.k. kunhalikutty Veena George ksu