കൊച്ചി: കൂടെ നിന്നവര്‍ ‘ഒരുപാട് സഹായിച്ചിട്ടാണ് ’ ഒരിക്കല്‍ താന്‍ തോറ്റതെന്ന് കെ. ബാബു എംഎല്‍എ. അക്കാര്യങ്ങള്‍ക്ക് ഇന്നു പ്രസക്തിയില്ലാത്തതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
മുന്‍പൊക്കെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വൈകിയാണു തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാറ്. ഇത്തവണ വെള്ളിത്തളികയില്‍ സ്ഥാനാര്‍ഥിത്വം വച്ചുനീട്ടി. എന്നാല്‍ മത്സരിക്കാന്‍ മാനസികമായി തയാറല്ലായിരുന്നു. തൃപ്പൂണിത്തുറയില്‍ അവസാനം വന്ന പേരുകള്‍ എം. ലിജുവിന്റെയും ദീപക് ജോയിയുടേതുമായിരുന്നു.
തൃപ്പൂണിത്തുറയിൽ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് ലിജുവിനോട് നേരത്തേ താന്‍ ചോദിച്ചിട്ടുള്ളതാണ്. അമ്പലപ്പുഴയാണു താത്പര്യമെന്ന് ലിജുവും പറഞ്ഞിരുന്നു. താനായിട്ട് ആരുടെയും പേര് പറഞ്ഞിട്ടില്ല. എന്നാല്‍, അഭിപ്രായം ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്തു സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാണ്. മേയ് നാലിനുശേഷമേ മുഖ്യമന്ത്രിചര്ച്ചയ്ക്കു പ്രസക്തിയുള്ളൂ. എംഎല്‍എമാരുടെ അഭിപ്രായം കേട്ടശേഷം ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ് രീതി. മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കു താത്പര്യമില്ല.
ബാര്‍ കോഴ ആരോപണം വന്നപ്പോള്‍ മാനസികമായി ഏറെ പ്രയാസം തോന്നി. വ്യക്തിപരമായി വിഷമം തോന്നിയെങ്കിലും മനഃപൂര്‍വമല്ല മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്ന ബോധ്യം തനിക്കുണ്ട്. സംഘടനാരംഗത്തു സജീവമായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ. ബാബു എംഎല്‍എയെ എറണാകുളം പ്രസ്ക്ലബ് ആദരിച്ചു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പാര്‍ലമെന്ററി ജീവിതം അവസാനിപ്പിച്ച പശ്ചാത്തലത്തിലാണ് ആദരമൊരുക്കിയത്. പ്രസ്ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് ആര്. ഗോപകുമാറും സെക്രട്ടറി എം. ഷജില്‍ കുമാറും ചേര്‍ന്ന് സമ്മാനിച്ചു. ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ് പൊന്നാടയണിയിച്ച് കെ. ബാബുവിനെ ആദരിച്ചു.
Tags : K. Babu stood together K. Babu MLA