അമ്പലപ്പുഴ: സ്കൂൾ വളപ്പിൽ ഭീഷണിയായി നിന്ന തണൽ മരം വീണ് ആശുപത്രിയിലെ വാഹന പാർക്കിംഗ് ഷെഡ് തകർന്നു. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെൻററിലെ ഷെഡാണ് തകർന്നത്. അപകടം നടന്നത് വൈകുന്നേരമായതിനാൽ ആർക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്കൂൾ വളപ്പിൽ നിന്ന കൂറ്റൻ ഞാറ മരം തൊട്ടടുത്തുള്ള ആശുപത്രി വളപ്പിലെ വാഹന പാർക്കിംഗ് ഷെഡിന്‍റെ മുകളിലേക്ക് നിലം പതിച്ചത്. അപകടത്തിൽ ഷെഡിന്‍റെ മേൽക്കൂരയും മതിലും തകർന്നു.
പകൽ സമയത്ത് ഇതിനുള്ളിൽ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയുമടക്കം നിരവധി വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. പാർക്കിംഗ് ഷെഡിന് തൊട്ടരികിലായി ഉണങ്ങിയ മറ്റൊരു മരം അപകട ഭീഷണിയുയർത്തി നിൽക്കുകയാണ്.
ആശുപത്രിയിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന രോഗികൾക്കും ജീവന് ഭീഷണിയായാണ് ഈ മരം നിൽക്കുന്നത്. മരം വെട്ടി മാറ്റാനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. മനീഷ് അറിയിച്ചു.