തിരുവനന്തപുരം: ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നീ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. നവംബർ 27 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പിൻവലിച്ചു. വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. കൊല്ലം വിജിലൻസ് കോടതി അവധിയായതിനാലാണ് തിരുവനന്തപുരത്ത് പ്രതികളെ ഹാജരാക്കിയത്.
കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി. കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് തള്ളിയിരുന്നു.