കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിനു ക്ഷതമുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മന്ത്രിക്ക് വിദഗ്ധ പരിശോധന ആവശ്യമാണെന്നും എംആർഐ സ്കാനിംഗ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു.
കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു വീണാ ജോർജിനെതിരേ കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്കു മടങ്ങാനെത്തിയ മന്ത്രി വീണ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് വലയം ഭേദിച്ചാണു പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
മന്ത്രി തിരിഞ്ഞുനിന്നു യൂത്ത് കോൺഗ്രസുകാരോടു രൂക്ഷമായി പ്രതികരിച്ചപ്പോൾ പോലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിനു പരിക്കെന്നു വ്യക്തമാക്കിയ മന്ത്രി അല്പസമയം പ്ലാറ്റ്ഫോമിൽ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയായിരുന്നു.
Tags : Veena George neck injury Medical bulletin expert examination Medical Board