അർജുൻ ആയങ്കി (File photo)
കൊച്ചി: കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയ്ക്കായി വ്യാപക തെരച്ചില്‍. ഇതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ചു കൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചതിനെതിരെ പ്രതിക്കെതിരെ വീണ്ടും കേസ് എടുത്തു. മനോജ് ജോസ് ആഴകത്ത് എന്നയാള്‍ ഡിജിപിക്ക് ഇമെയില്‍ വഴി അയച്ച പരാതിയില്‍ ആലുവ സൈബര്‍ പോലീസ് ആണ് കേസ് എടുത്തത്.
കോമാളി, നുണയന്‍, പറഞ്ഞ വാക്കിന് വിലയില്ലാത്തയാള്‍ എന്നതടക്കം അധിക്ഷേപ, അശ്ലീല പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ അര്‍ജുന്‍ ആയങ്കി നടത്തിയത്. ഇതില്‍പരം നാണക്കേട് കേരള ജനതയ്ക്കില്ല. ഇതിനേക്കാള്‍ നല്ലത് പിണറായി വിജയന്‍ ആയിരുന്നു എന്നല്ല, ഇതിനേക്കാള്‍ നല്ലത് ഉമ്മന്‍ചാണ്ടി ആയിരുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അര്‍ജുന്‍ ആയങ്കി ഈ മാസം അഞ്ചിന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. ഐടി ആക്ടുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, കോതമംഗലം സിഐയെയും ഊന്നുകല്‍ സിഐയെയും ഭീഷണിപ്പെടുത്തിയ കേസുകളില്‍ അര്‍ജുന്‍ ആയങ്കിക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്. അവസാന ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ അന്വേഷണം. പ്രതിയുടെ രണ്ടു സുഹൃത്തുക്കളെയും സഹോദരന്‍ അഖിലിനെയും പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇന്ന് തിരുവനന്തപുരത്തും നിന്നും അര്‍ജുന്‍റെ അഞ്ച് സുഹൃത്തുക്കളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അര്‍ജുനായി വ്യാപക തെരച്ചില്‍ നടക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എത്തുന്നത് പോലീസിന് വെല്ലുവിളിയാവുകയാണ്.
ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അര്‍ജുനെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തില്‍ പത്തംഗ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണ് സംഘത്തിന് ലഭിച്ച നിര്‍ദേശം.
Tags : ArjunAyanki VDSatheesan CPIM Case