തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം നാളെ നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുമെന്നു സൂചന.
ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ സാമ്പത്തികസ്ഥിതിയും രണ്ടാം പിണറായി സർക്കാരിന്റെ ധൂർത്തും ഉൾപ്പെടെയുള്ള വിവരങ്ങൾ ധവളപത്രത്തിലുണ്ടാകുമെന്നാണു വിവരം.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തിയുള്ള നന്ദിപ്രമേയ ചർച്ച നാലിന് അവസാനിക്കും. 19നു സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ബജറ്റിനു മുന്നോടിയായിട്ടാണ് ധവളപത്രം ഇറക്കുന്നത്.
സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട വിസ്മയിപ്പിക്കുന്ന വിവരങ്ങളാണ് ധവളപത്രത്തിലുള്ളതെന്നും ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു പറയുന്നില്ലെന്നും ഇന്നലെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയവേ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു.
മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഇതിലുണ്ടാകും. പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒരു നികുതിയും കൊടുക്കാതെ കേരളത്തിൽ വിൽക്കപ്പെടുന്ന സാഹചര്യം ഇവിടെയുണ്ടെന്നും ഇതെല്ലാം തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, ധവളപത്രം വരുമ്പോൾ കാണാമെന്നും ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.
Tags : White Paper Legislative Assembly state's financial situation