എല്ലാ തെരഞ്ഞെടുപ്പുകളും നിർണായകമാണെങ്കിലും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അതിലുമേറെ നിർണായകമാണ്. കാരണം, കേരളം കൈവരിച്ചതും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ ഉയരങ്ങളിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹ്യജീവിതം കൂടുതൽ മെച്ചപ്പെടുത്തി കൂടുതൽ ഉയരങ്ങളിലേക്ക് നാടിനെ കൊണ്ടുപോകണമോ എന്നതാണ് വിഷയം.
വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഒരു വസന്തകാലം തന്നെ സൃഷ്ടിക്കുകയും എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുപിടിക്കുകയും ചെയ്ത് പുതിയൊരു സമത്വസുന്ദര കേരളസൃഷ്ടി സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്ന എൽഡിഎഫ് ഗവൺമെന്റിന് അഭിമാനകരമായ ഹാട്രിക് വിജയം സമ്മാനിക്കണമെന്നാണ് വോട്ടർമാരോട് അഭ്യർഥിക്കുന്നത്.
അപ്പുറത്ത്, ഇതിനോടെല്ലാം മുഖം തിരിച്ചുനിന്ന് യാഥാർഥ്യബോധമില്ലാത്തതും പ്രായോഗികമല്ലാത്തതുമായ വാഗ്ദാനങ്ങൾ നൽകിയും നൂറു ശതമാനം കളവുകൾ ആവർത്തിച്ചു പറഞ്ഞും എല്ലാക്കാലത്തും ചെയ്യുന്നതുപോലെ ജനങ്ങളെ കബളിപ്പിച്ചും വോട്ടു തട്ടാൻ ശ്രമിക്കുകയാണ് യുഡിഎഫ്. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യവും മത്സര രംഗത്തുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിലോ സപ്തതിയിലേക്കു നടന്നടുക്കുന്ന കേരളത്തിന്റെ സാമൂഹിക പുരോഗതിയിലോ ഒരു തുള്ളി വിയർപ്പുപോലും ചെലവാക്കാത്ത ബിജെപി വലിയ വ്യാമോഹങ്ങൾ ജനങ്ങളിൽ ജനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ ഒരു വ്യാഴവട്ടമായി കേന്ദ്രത്തിൽ അധികാരത്തിലിരുന്നിട്ടും, ഭരണഘടനാപരമായി കേരളത്തെ സഹായിക്കാനുള്ള ചുമതല നിർവഹിക്കുകയോ ന്യായമായി കേരളത്തിനു ലഭിക്കേണ്ട നികുതിവിഹിതമടക്കമുള്ള ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യാതെ, ഇനി തങ്ങൾ പലതും ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി നിൽക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും പദ്ധതിവിഹിതങ്ങളും ഹനിക്കപ്പെട്ടപ്പോൾ കേരളത്തിന് സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതി വന്നു. ഇത്തരമൊരു സവിശേഷ സന്ദർഭത്തിൽ എൽഡിഎഫിനെ വീണ്ടും ജയിപ്പിക്കേണ്ടതിന്റെ അനിവാര്യത എന്തൊക്കെയാണ് എന്നു പറയാനാണ് ആഗ്രഹിക്കുന്നത്.
വികസന-ക്ഷേമ പ്രവർത്തനങ്ങളുമായി 10 വർഷം
എൽഡിഎഫ് കഴിഞ്ഞ 10 വർഷം നടപ്പാക്കിയ എല്ലാ തലങ്ങളിലുമുള്ള വികസന-ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഇവിടെ സ്ഥലമപരിമിതിയുണ്ട്. അതുകൊണ്ട് ഏറ്റവും സുപ്രധാനമായ ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ. ഏറ്റവും പരമപ്രധാനമായി എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും അവരുടെ ദൈനംദിന ജീവിതത്തിൽ വികസനത്തിന്റെയും ക്ഷേമത്തിന്റെയും വെളിച്ചം പ്രസരിപ്പിച്ചുമാണ് എൽഡി എഫ് ഗവൺമെന്റ് മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നത്. കേവലം വാഗ്ദാനങ്ങളോ പ്രതീക്ഷകളോ നൽകുകയല്ലാ; മറിച്ച്, പൊതുജനം അനുഭവിച്ചറിഞ്ഞ ജീവിത സ്വാസ്ഥ്യത്തിന്റെ പാഠങ്ങൾ പറഞ്ഞാണ് എൽഡിഎഫ് വോട്ടു തേടുന്നത്.
1957ലെ ഇഎംഎസ് ഗവൺമെന്റിന്റെ ചുവടുപിടിച്ച് കേരളത്തെ മൗലികമായി മാറ്റിത്തീർക്കാനും പുരോഗതിയിലേക്കു കൊണ്ടുപോകാനുമുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് ഗവൺമെന്റ് തുടർന്നുപോരുന്നത്. ഭൂരഹിതർക്ക് ഭൂമി നൽകാനും വിദ്യാഭ്യാസം ജനാധിപത്യവത്കരിച്ച് സാർവത്രികമാക്കാനും ഇഎംഎസ് സർക്കാരാണ് നടപടികളെടുത്തതെങ്കിൽ, തുടർന്ന് വിവിധ ഘട്ടങ്ങളിൽ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരുകൾ ക്ഷേമ പെൻഷനുകൾ ആവിഷ്കരിച്ചും കേരളത്തെ സമ്പൂർണ സാക്ഷരതയിലെത്തിച്ചും അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ഫലപ്രദമായി നടപ്പാക്കിയും കുടുംബശ്രീ സംവിധാനം കുറ്റമറ്റതാക്കിയും ഐടി വികസന സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തിയുമാണ് മുന്നേറിയത്. ഇതിന്റെ തുടർച്ചതന്നെയാണ് കഴിഞ്ഞ 10 വർഷമായി നിലവിലുള്ള എൽഡിഎഫ് സർക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്.
വെല്ലുവിളി ഏറ്റെടുത്ത് സർക്കാർ
2016 മേയിൽ അധികാരമേറ്റെടുത്ത സർക്കാരിന്, അതിനുമുമ്പുള്ള അഞ്ചു വർഷം യുഡിഎഫ് ഭരണം കുളംതോണ്ടിയ കേരളത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ക്ലേശകരമായ വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടിവന്നത്. അതിനായി നാലു മിഷനുകൾ സർക്കാർ ആവിഷ്കരിച്ചു. ആരോഗ്യ മേഖലയിൽ ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിദ്യാകിരണം, ഭവന നിർമാണത്തിന് ലൈഫ്, കാർഷിക മേഖലയുടെ നവീകരണത്തിന് ഹരിതകേരളം എന്നിവയാണ് ആ മിഷനുകൾ. ഇതിനിടയിൽ നിപയും ഓഖിയും കോവിഡും നൂറ്റാണ്ടിലെ മഹാപ്രളയവും കേരളത്തെ തകർത്തെറിഞ്ഞ സ്ഥിതിയായി. എന്നാൽ, അത്തരം ദുരന്തമുഖങ്ങളിൽ പതറാതെ എല്ലാ മനുഷ്യരെയും സർക്കാർ ചേർത്തുപിടിച്ചു. എല്ലാവർക്കും ഭക്ഷണവും മരുന്നും നൽകി. അതിഥി തൊഴിലാളികൾക്ക് സവിശേഷ പരിഗണന നൽകി. മനുഷ്യർക്കു മാത്രമല്ല, പക്ഷി-മൃഗാദികൾക്കുപോലും കോവിഡ് മഹാമാരിയുടെ കാലത്ത് സർക്കാർ സംരക്ഷണത്തിന്റെ തണലേകി. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം പ്രാണവായുപോലും ലഭിക്കാതെ മനുഷ്യർ മരിച്ചുവീണപ്പോൾ ഇവിടെ കേരളത്തിൽ എല്ലാവർക്കും സംരക്ഷണ കവചമൊരുക്കി കേരളം കരുതലിന്റെ മഹനീയ മാതൃക കാഴ്ചവച്ചു.
പ്രതിസന്ധികളെ അതിജീവിച്ചു
നാട് പ്രതിസന്ധികളെയും മഹാമാരികളെയും അഭിമുഖീകരിച്ചപ്പോൾ കേന്ദ്രം കൈമലർത്തി. ബിജെപിയുടെ കേരളവിരുദ്ധ സമീപനത്തിനു ചൂട്ടുപിടിക്കുകയായിരുന്നു ഇവിടത്തെ കോൺഗ്രസും യുഡിഎഫും എന്നതും ഓർക്കേണ്ടതുണ്ട്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് എൽഡിഎഫ് സർക്കാർ കേരള ജനതയെ മുന്നോട്ടു നയിച്ചത്. ഇതിനായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന പേരിൽ പുതിയ സംവിധാനം കൊണ്ടുവന്നു. ബജറ്റിനു പുറത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി എന്ന സവിശേഷ സംവിധാനം കൊണ്ടുവന്നു. കിഫ്ബി നൽകിയ സൂര്യവെളിച്ചത്തിൽ റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, വിനോദ സഞ്ചാര വികസന കേന്ദ്രങ്ങൾ തുടങ്ങിയവ തിളക്കത്തോടെ നിറഞ്ഞു നിൽക്കുന്ന സ്ഥിതിയായി.
ദേശീയപാത 66ന്റെ വികസനം അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. യുഡിഎഫ് കാലത്ത് ദേശീയപാതാ അതോറിറ്റി ഉപേക്ഷിച്ചുപോയ പദ്ധതിയാണ് ഇന്ന് യാഥാർഥ്യമാകുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാനം 5,580 കോടി രൂപയാണ് കേന്ദ്രത്തിന് നൽകിയത്. രാജ്യത്ത് ദേശീയപാതാ വികസനത്തിനായി അങ്ങോട്ട് പണം നൽകേണ്ടിവന്ന ഏക സംസ്ഥാനം കേരളമാണെന്നത് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
സാമൂഹികസുരക്ഷാ പെൻഷനുകളുമായി മുന്നോട്ട്
സമഗ്രമായ രീതിയിൽ സാമൂഹിക സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് 62 ലക്ഷം ആളുകൾക്ക് 2000 രൂപ വീതം പ്രതിമാസ പെൻഷൻ നൽകുന്നു. ഇതിനുപുറമെ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നു. ക്ഷേമ പെൻഷനുകൾ കുടിശികയായ കാലത്തുനിന്ന് വീട്ടുപടിക്കൽ പെൻഷനെത്തിക്കുന്ന രീതിയിലേക്ക് കേരളം മാറിയിരിക്കുകയാണ്.
കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ നാഴികക്കല്ലാകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അഭിമാനകരമായി മുന്നേറുന്നു. ഗെയിൽ പൈപ്പ് ലൈനും കൊച്ചി ഇടമൺ കോറിഡോറും യാഥാർഥ്യമാക്കി ഊർജരംഗത്ത് കേരളത്തെ സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ടിരിക്കുന്നു.
കാലത്തിന്റെ അനിവാര്യതകൾ ഉൾക്കൊണ്ട് കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരമാക്കി. ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി. നാലര ലക്ഷത്തിലേറെ വരുന്ന മലയോര ജനതയ്ക്ക് പട്ടയം ലഭ്യമാക്കി. മലയോര ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമവത്കരിക്കാനും പതിച്ചു നൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുകയും ചെയ്യുന്ന ഭൂപതിവു ഭേദഗതി നിയമം പാസാക്കി. ലോകത്തെതന്നെ അദ്ഭുതപ്പെടുത്തിയ വിധത്തിൽ കേരളത്തെ അതിദാരിദ്ര്യമുക്തമാക്കി. അഞ്ചു ലക്ഷത്തിലേറെപ്പേർക്ക് ലൈഫ് പദ്ധതി വഴി വീടുകൾ വച്ചു നൽകി. മുണ്ടക്കൈ ചുരൽമല ദുരിത ബാധിതരെ മനോഹരമായ ടൗൺഷിപ്പ് പണിത് പുനരധിവസിപ്പിച്ചു.
പവർകട്ടില്ലാത്ത നല്ല നാളുകൾ
കഴിഞ്ഞ പത്തു വർഷവും ലോഡ് ഷെഡ്ഡിംഗ്, പവർ കട്ട് എന്നീ വാക്കുകൾപോലും കേരള ജനതയ്ക്കു കേൾക്കേണ്ടിവന്നില്ല. എല്ലാറ്റിലുമുപരിയായി വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഇല്ലാതെ സ്വസ്ഥസുന്ദരമായ സാമൂഹികജീവിതം ഉറപ്പുവരുത്താൻ സർക്കാരിന് സാധിച്ചു. ഇതിന്റെയെല്ലാം ഫലമായി കേന്ദ്ര സർക്കാരിന്റെതന്നെ ഔദ്യോഗിക കണക്കുകളിൽ ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, പാർപ്പിടം തുടങ്ങിയ മേഖലകളിലുള്ള റാങ്കിംഗുകളിൽ രാജ്യത്തെ നമ്പർ വൺ സംസ്ഥാനമെന്ന വിലോഭനീയ പദവി കേരളം സ്വന്തമാക്കി.
ഇനി ബിജെപിയും കോൺഗ്രസും പറയുന്ന ഗാരന്റികൾ നമുക്കൊന്ന് പരിശോധിക്കാം. 2016ൽ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ 600 രൂപ പെൻഷൻ 18 മാസം കുടിശികയാക്കിയിട്ടുപോയ യുഡിഎഫ് ഇപ്പോൾ 3,000 രൂപ പെൻഷൻ കൊടുക്കും എന്നു പറയുന്നതിൽ എന്തടിസ്ഥാനമാണുള്ളത്? കേരളത്തിന്റെ ഒരുവർഷത്തെ ബജറ്റ് തുക മൊത്തമെടുത്താൽപോലും തികയാത്ത 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പേരിൽ കോടികൾ ജനങ്ങളിൽനിന്നു പിരിച്ചെടുത്തിട്ട് ഇപ്പോഴും അവിടെ ഒരു കല്ലുപോലും പാകാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. എന്നിട്ട് വീടു പണി നടന്നു വരുന്നുണ്ടെന്നും അതു പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണെന്നും കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ നേതാവ് നുണ ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ, ഗത്യന്തരമില്ലാതെ കണക്കു പുറത്തുവിട്ടപ്പോൾ വീടുവയ്ക്കാൻ ഇനി പണമില്ലെന്നു സമ്മതിച്ചിരിക്കുന്നു. പണം പിരിക്കാൻ വേണ്ടി 10 ലക്ഷം കൊടുത്തു തയാറാക്കിയ ആപ്പ് ആവിയായിപ്പോയി എന്നാണ് കോൺഗ്രസ് പറയുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയവരെ എങ്ങനെ വിശ്വസിക്കും?
ഇങ്ങനെയൊക്കെ പറഞ്ഞ് കേരള ജനതയുടെ ബുദ്ധിയെ പരിഹസിക്കുന്ന കോൺഗ്രസ് ഇപ്പോൾ തെരുവിൽ ഉടുമുണ്ട് അഴിഞ്ഞുപോയവന്റെ സ്ഥിതിയിലാണ്.
പാവങ്ങളെ ചേർത്തുപിടിച്ചു
കോൺഗ്രസിന്റെ കർണാടക സർക്കാരല്ലേ യെലഹങ്കയിൽ പാവപ്പെട്ട മനുഷ്യരുടെ, അതും മുസ്ലിം ന്യൂനപക്ഷങ്ങളുടെ നൂറുകണക്കിനു വീടുകൾ ബുൾഡോസറുകൾ വച്ച് ഇടിച്ചു നിരപ്പാക്കി അവരെ തെരുവിലേക്ക് ഇറക്കിവിട്ടത്? കോൺഗ്രസ് ജനങ്ങളെ വീടുകൾ തകർത്ത് വഴിയാധാരമാക്കുമ്പോൾ ഇവിടെ എൽഡിഎഫ് പാവപ്പെട്ട മനുഷ്യർക്ക് വീടുവച്ചു നൽകുന്നു. കോൺഗ്രസ് മനുഷ്യരെ കണ്ണീര് കുടിപ്പിക്കുമ്പോൾ എൽഡിഎഫ് മനുഷ്യരുടെ കണ്ണീരൊപ്പുന്നു. കോൺഗ്രസും യുഡിഎഫും വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുമ്പോൾ എൽഡിഎഫ് പറയുന്ന വാഗ്ദാനങ്ങൾ പാലിച്ചു ജനങ്ങൾക്കു മുന്നിൽ ആത്മവിശ്വാസത്തോടെ നിലകൊള്ളുന്നു. യുഡിഎഫ് നുണവർത്തമാനങ്ങൾ മാത്രം പറയുമ്പോൾ എൽഡിഎഫ് തികച്ചും സുതാര്യമായ സമീപനം സ്വീകരിക്കുന്നു.
ബിജെപിയാകട്ടെ, ദുരന്തകാലത്തുപോലും കേരളത്തെ സഹായിക്കാൻ കൂട്ടാക്കാതിരുന്നതിനു ശേഷം തെരഞ്ഞെടുപ്പു സമയത്ത് വാഗ്ദാനങ്ങൾ പറഞ്ഞ് വോട്ടു തട്ടാൻ ശ്രമിക്കുന്നു. ഒരു തരത്തിൽ കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. രണ്ടു കൂട്ടർക്കും കേരളത്തിൽ എൽഡിഎഫ് സർക്കാർ നടത്തുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾ ചർച്ചയാക്കാൻ ഒരു താത്പര്യവുമില്ല. അതു ചർച്ചയാക്കിയാൽ രണ്ടു കൂട്ടരുടെയും പൊള്ളത്തരങ്ങൾ കുറേക്കൂടി വ്യക്തമായി ജനങ്ങൾക്കു മനസിലാകും. അതുകൊണ്ടാണവർ രണ്ടുകൂട്ടരും ശൂന്യതയിലുള്ള ഡീലുകളെപ്പറ്റി മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് എൽഡിഎഫ് പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അടക്കം പ്രസിദ്ധീകരിച്ചുകൊണ്ട് ജനങ്ങളെ സമീപിക്കുന്നത്. “പ്രിയമപരപ്രിയം” എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ, എല്ലാവരെയും ചേർത്തുപിടിച്ച്, എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പാക്കി കേരളത്തെ ഇനിയും ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാർ വീണ്ടും വരേണ്ടതുണ്ട്.
തീർച്ചയായും കഴിഞ്ഞ 10 വർഷങ്ങളിലെ അനുഭവ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ കേരള ജനത എൽഡിഎഫിന് 2021ലേതിനേക്കാൾ മികച്ച വോട്ടും സീറ്റും നൽകി വീണ്ടും അധികാരത്തിലേറ്റും എന്നുതന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
Tags : LDF Pinarayi Vijayan Kerala Assembly Election Niyama Sabha Election