നിയമസഭാ തെരഞ്ഞെടുപ്പുഫലം നാളെ അറിയും. സാധാരണക്കാരനായ മലയാളി പുതിയ സർക്കാരിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്? അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഒന്നു കടന്നുപോകാം.
1. സമാധാനപരമായ അന്തരീക്ഷം
ജാതി-മത-ലിംഗ വ്യത്യാസമെന്യെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന, പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന ഒരു ഭരണസംവിധാനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
2. സാന്പത്തികസ്ഥിരത
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നികുതി പിരിവ് (ജിഎസ്ടി) കാര്യക്ഷമമാക്കുക. നികുതിയേതര വരുമാനമാർഗങ്ങളായ ഖനനം (മൈനിംഗ്), ധാതുലവണങ്ങൾ (മിനറൽസ്) എന്നിവയിൽനിന്നുള്ള വരുമാനം പരമാവധി വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുക.
അനാവശ്യ ചെലവുകൾ കുറയ്ക്കുക. സർക്കാർ ആഘോഷങ്ങൾ, വിദേശയാത്രകൾ, ആഡംബര വാഹനങ്ങൾ തുടങ്ങിയവ കർശനമായി നിയന്ത്രിക്കുക. തുറമുഖങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. ഉത്തരവാദിത്ത ടൂറിസം വഴി പ്രാദേശികമായ വരുമാനവും വിദേശനാണ്യവും വർധിപ്പിക്കാൻ സാധിക്കും. റബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതി പ്രോത്സാഹിപ്പിക്കണം.
4. അടിസ്ഥാന സൗകര്യ വികസനം
പാര്‍പ്പിടം, കുടിവെള്ള വിതരണം, തടസമില്ലാത്ത വൈദ്യുതി, കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങൾ, ലോകോത്തര നിലവാരമുള്ള റോഡുകൾ എന്നിവയും ഉണ്ടാകണം.
5. ആരോഗ്യമേഖല
ഇന്ന് ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രായമായവരാണ്. അവരുടെ പരിചരണത്തിനായുള്ള സൗകര്യങ്ങൾ വർധിപ്പിക്കണം. കാരുണ്യ പോലുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണം. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ഏകീകൃത ആരോഗ്യ നിരീക്ഷണ സംവിധാനം വേണം.എല്ലാ ജില്ലകളിലും അത്യാധുനിക വൈറോളജി ലാബുകൾ ഘട്ടംഘട്ടമായി സ്ഥാപിക്കണം.
6. പരിസ്ഥിതി സംരക്ഷണവും മാലിന്യ നിർമാർജനവും ദുരന്തനിവാരണവും
റോഡിന്റെ വശങ്ങളിലും ജലസംഭരണികളിലും നദികളിലും തോടുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്ന രീതി ഇന്നും തുടരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് വളരെ ഭീകരമാണ്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കടലാക്രമണം, ചൂട്, വരൾച്ച, കഠിനമായ മഴ തുടങ്ങിയവ നേരിടാൻ പ്രത്യേക മുന്നറിയിപ്പുകളും നിർദേശങ്ങളും ആവശ്യമാണ്.
7. കാർഷികമേഖല
കൃഷി പ്രോത്സാഹിപ്പിക്കണം. റബർ, തെങ്ങ്, നെല്ല്, സുഗന്ധ വ്യഞ്ജനങ്ങൾ, പച്ചക്കറികൾ മുതലായവ കൃഷി ചെയ്യുന്നവരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാനാകണം. കാർഷികവിളകളിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കണം. നെൽകർഷകരുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ പ്രത്യേക ശ്രദ്ധ വേണം.
8. വിദ്യാഭ്യാസ മേഖല
സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പുതിയ സർക്കാരിൽനിന്ന് ജനങ്ങൾ പ്രധാനമായും പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ഇവയാണ്.
1- അടിസ്ഥാന സൗകര്യ വികസനം
എല്ലാ സർക്കാർ/എയ്ഡഡ് സ്കൂളുകളിലും സ്മാർട്ട് ക്ലാസ് മുറികളും ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യവും ഉറപ്പാക്കുക. ശാസ്ത്ര-സാങ്കേതിക പഠനത്തിനായി ആധുനിക ലാബുകളും വായന പ്രോത്സാഹിപ്പിക്കാൻ വിപുലമായ ലൈബ്രറികളും സജ്ജമാക്കുക.
2- പാഠ്യപദ്ധതി പരിഷ്കരണം
വസ്തുനിഷ്ഠമായി പാഠ്യപദ്ധതികൾ പരിഷ്കരിക്കാൻ ശ്രദ്ധ ചെലുത്തേണ്ടതാണ്. പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യം വളർത്തുന്ന കോഴ്സുകളും ഉൾപ്പെടുത്തണം ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ഐടി പാഠ്യപദ്ധതി പരിഷ്കരിക്കുക. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും മാലിന്യനിർമാർജനത്തെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചുമുള്ള അറിവ് പ്രായോഗികമായി നൽകുക.
3- ഗുണനിലവാരമുള്ള അധ്യാപനം
അധ്യാപകർക്ക് ആധുനിക ബോധനരീതികളിൽ മികച്ച പരിശീലനം കൃത്യമായ ഇടവേളകളിൽ നൽകുക.
4- കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം
കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും ലഹരിവിരുദ്ധ ബോധവത്കരണത്തിനുമായി എല്ലാ സ്കൂളുകളിലും സ്ഥിരം കൗണ്‍സിലർമാരുടെ സൗകര്യം ഏർപ്പെടുത്തുക. കളിക്കളങ്ങൾ നവീകരിക്കുകയും കായിക പരിശീലനത്തിന് കൃത്യമായ സമയം അനുവദിക്കുകയും ചെയ്യേണ്ടതുണ്ട്.
5- എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം
ഭിന്നശേഷിയുള്ള കുട്ടികൾക്ക് തടസമില്ലാതെ പഠിക്കാൻ കഴിയുന്ന രീതിയിൽ സ്കൂളുകളിൽ പ്രത്യേക സൗകര്യങ്ങളും സ്പെഷൽ എഡ്യൂക്കേറ്റർമാരെയും നൽകുക.
6- നവീകരണവും സംരംഭകത്വവും
ഇന്ന് നിലനിൽക്കുന്ന വൈഐപി പോലുള്ള സാഹചര്യങ്ങൾ കൂടുതൽ ഫലപ്രദമായി എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഉപയോഗപ്പെടുത്തിയാൽ സ്റ്റാർട്ടപ്പുകളിലേക്കു നയിക്കാനാകും. ഇത് തൊഴിൽ മേഖലയ്ക്ക് ശക്തമായ താങ്ങാകും.
7- ഉച്ചഭക്ഷണം
ഉച്ചഭക്ഷണത്തോടൊപ്പം പാലും മുട്ടയും ഉൾപ്പെടെയുള്ള പോഷകാഹാരങ്ങൾ മുടങ്ങാതെ നൽകുകയും പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം പരിഗണിക്കുകയും ചെയ്യുക.
1- ഗുണനിലവാരവും ആഗോള അംഗീകാരവും
തെരഞ്ഞെടുത്ത സർവകലാശാലകളെയും കോളജുകളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക. എല്ലാ സ്ഥാപനങ്ങൾക്കും ഉയർന്ന നാക് ഗ്രേഡിംഗും എൻഐആർഎഫ്/കെഐആർഎഫ് റാങ്കിംഗും നേടുന്നതിന് ആവശ്യമായ സാന്പത്തിക-സാങ്കേതിക സഹായം നൽകുക. ലോകോത്തര സർവകലാശാലകളുമായി ചേർന്ന് സംയുക്ത കോഴ്സുകളും ഗവേഷണങ്ങളും ആരംഭിക്കുക. അതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക.
2- ഗവേഷണവും നവീകരണവും
ഗവേഷകർക്കും അധ്യാപകർക്കും തടസമില്ലാതെ ഫണ്ടുകൾ ലഭ്യമാക്കുന്നതിന് ഹയർ എഡ്യുക്കേഷൻ കൗണ്‍സിലിനെ സജ്ജമാക്കുക. രാജ്യാന്തര ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പേറ്റന്റുകൾ നേടുന്നതിനും പ്രത്യേക പ്രോത്സാഹനം നൽകുക. ജില്ലകൾ തോറും സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ ഇന്നൊവേഷൻ ഹബ്ബുകൾ സ്ഥാപിച്ച് വിദ്യാർഥികൾക്ക് സാങ്കേതിക ഉപദേശങ്ങൾ ലഭ്യമാക്കുക.
3- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
സിലബസ് രൂപീകരണത്തിൽ വ്യവസായ പ്രമുഖരെ ഉൾപ്പെടുത്തുകയും വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ്പ് നിർബന്ധമാക്കുകയും ചെയ്യുക.
4- അക്കാദമിക സ്വയംഭരണം
കൂടുതൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകി സ്വന്തമായി സിലബസ് നിശ്ചയിക്കാൻ അനുവാദം നൽകുക. അർഹമായ ഗവണ്മെന്റ്, സ്വാശ്രയ, ഓട്ടോണമസ് കോളജുകൾക്ക് ഡീംഡ് യൂണിവേഴ്സിറ്റികൾ ആരംഭിക്കുന്നതിന് അനുമതി നൽകുക.
5- സാമൂഹ്യനീതിയും സ്കോളർഷിപ്പുകളും
പാവപ്പെട്ടവർക്കും സമർഥരായവർക്കുമുള്ള സ്കോളർഷിപ്പുകൾ കൃത്യസമയത്ത് വിതരണം ചെയ്യുക. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രവർത്തനം വിപുലീകരിക്കുക.
6- എഡ്യുക്കേഷൻ ഹബ്ബ്
വിദേശരാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ തക്കവിധം സൗകര്യങ്ങൾ വർധിപ്പിക്കുക. കേന്ദ്ര ഫണ്ടുകളെ മാത്രം ആശ്രയിക്കാതെ ഗവേഷകർക്ക് സംസ്ഥാനതലത്തിൽ കൂടുതൽ ഗ്രാന്റുകളും ഫെലോഷിപ്പുകളും ലഭ്യമാക്കുക. എല്ലാ സർവകലാശാലകളിലും അന്താരാഷ്ട്ര നിലവാരമുള്ള സെൻട്രലൈസ്ഡ് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റികൾ സ്ഥാപിക്കുക.
വിവിധ വിഷയങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള (ഉദാ: എഐയും ഡാറ്റാ സയൻസും നാനോ ടെക്നോളജിയും ബയോമെഡിക്കൽ സയൻസും) ഗവേഷണങ്ങൾക്ക് മുൻഗണന നൽകുക.
9. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ
നോളജ് ഇക്കോണമി മിഷൻ, വ്യവസായ-വിദ്യാഭ്യാസ ബന്ധം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം തുടങ്ങിയവ ശക്തിപ്പെടുത്തുകയും ഇവയുടെ പ്രയോജനം അർഹരായവർക്ക് ലഭിക്കുന്നു എന്നുറപ്പുവരുത്തുകയും വേണം. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഉദ്യോഗാർഥികളെയും തൊഴിൽദാതാക്കളെയും ഒരുമിപ്പിക്കുകവഴി കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുവാൻ വളരെ സാധ്യതയുണ്ട്.
അസാപ്പ് പ്രോഗ്രാമിൽ എഐ, ഡാറ്റാ സയൻസ്, റോബോട്ടിക്സ് തുടങ്ങിയവയിൽ പരിശീലനം നൽകുക. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പഞ്ചായത്ത് തലത്തിൽ അതിവേഗ ഇന്റർനെറ്റും വൈദ്യുതിയുമുള്ള കോ-വർക്കിംഗ് സ്പേസുകൾ ലഭ്യമാക്കണം. ചീഫ് മിനിസ്റ്റേഴ്സ് കണക്ട് ടു വർക്ക് പോലുള്ള പ്രോഗ്രാമുകൾ ശ്വാസമാകും.
10. സാമൂഹ്യസുരക്ഷയും അഴിമതി നിർമാർജനവും
സർക്കാർ സേവനങ്ങൾ പൂർണമായും ഓണ്‍ലൈൻ ആക്കുന്നതിലൂടെ അഴിമതി കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനും സാധിക്കും. അതുപോലെതന്നെ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സുരക്ഷിതമായ സാഹചര്യം ഉറപ്പുവരുത്തണം.
11. വന്യജീവി ശല്യം
ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്നത് തടയാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണം. വന്യജീവി ആക്രമണവും നായ്ക്കളുടെ കടിയും മൂലം ഇനിയാരും മരിക്കാൻ ഇടയാകരുത്.
12. ഹർത്താൽ/ബന്ദ്
ഹർത്താൽ സംസ്കാരം മാറണം. ഹർത്താൽ നടത്തുന്നതുവരെ തീരുമാനങ്ങൾ വൈകരുത്. ചർച്ചകൾക്ക് പ്രാമുഖ്യം നൽകണം. എല്ലാ ജനപ്രതിനിധികൾക്കും തന്റെ മണ്ഡലത്തെക്കുറിച്ച് മികച്ച സ്വപ്നവും അത് നടപ്പിലാക്കുന്നതിന് രൂപരേഖയും ഉണ്ടാകണം. അഴിമതിയില്ലാത്ത, സുതാര്യമായ, സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ നവകേരളം എന്നത് ഓരോ മലയാളിയുടെയും അവകാശമാണ്.
(കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ്
എൻജിനിയറിംഗിലെ-ഓട്ടോണമസ്- ഡീൻ റിസർച്ച് ആണ് ലേഖകൻ.)
Tags : Dreams aspirations Malayali