വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ (എഫ്സിആർഎ ഭേദഗതി ബിൽ 2026) മാർച്ച് 25ന് ലോകസഭയിൽ അവതരിപ്പിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞത് വിദേശ ധനസഹായം ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നവരെയും വിദേശഫണ്ട് ദുരുപയോഗം ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് ഈ ബിൽ കൊണ്ടുവരുന്നത് എന്നാണ്.
മതപരിവർത്തന നിരോധന നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കപ്പെട്ടത് ചോദ്യം ചെയ്തുള്ള പരാതികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഭരണഘടന നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്ന, മതം നോക്കി വേട്ടയാടാൻ അനുവദിക്കുന്ന മതപരിവർത്തന നിരോധന നിയമത്തിന്റെ ലക്ഷ്യങ്ങൾതന്നെയാണ് ഏറെക്കുറെ എഫ്സിആർഎ ഭേദഗതി ബില്ലിനും ഉള്ളതെന്ന് ഉത്തരവാദിത്വപ്പെട്ട മന്ത്രിതന്നെ പ്രഖ്യാപിക്കുമ്പോൾ രാജ്യത്തെ കീഴടക്കുന്ന വർഗീയതയുടെ അപകടം കൂടുതൽ വ്യക്തമാകുകയാണ്.
രാജ്യത്തിന്റെ ദേശീയ താത്പര്യവും സുരക്ഷയും മുൻനിർത്തി വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായങ്ങളുടെ വിനിയോഗം നിയന്ത്രിക്കാനായി 2010ൽ നിലവിൽ വന്ന ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA), വിവിധ കാലഘട്ടങ്ങളിലെ ഭേദഗതികളിലൂടെ ഇന്ന് സാമൂഹികസേവന സന്നദ്ധ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും പ്രവർത്തനസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഒന്നായി രൂപാന്തരപ്പെട്ടിരിക്കുന്നു.
വിദേശ സംഭാവനകളുടെ ക്രയവിക്രയങ്ങളിന്മേലുള്ള മേൽനോട്ടത്തിനുമപ്പുറം, ദശകങ്ങൾക്കൊണ്ട് പടുത്തുയർത്തിയ കാരുണ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ ഭരണകൂടത്തിന് അനായാസമായി പിടിച്ചെടുക്കാനാകുന്ന അധികാര ദുർവിനിയോഗത്തിന്റെ അനന്തസാധ്യതകളും സാഹചര്യങ്ങളുമാണ് ഈ ഭേദഗതികളിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അതിരുകൾ വേലികെട്ടിത്തിരിക്കാത്ത ആഗോള സാഹോദര്യവും സേവനമനസ്കതയും സുമനസുകളുടെ സംഭാവനകളായി ഇവിടെയും അനേകർക്ക് കൈത്താങ്ങായിട്ടുണ്ട് എന്നതു വിസ്മരിച്ച് മതം നോക്കി സേവനങ്ങളെ വിധിക്കുന്ന സമീപനത്തിന്റെ മറ്റൊരു അടയാളമാണ് ഈ ഭേദഗതിയും.
വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹിക മേഖലകളിലെ സ്ഥാപനങ്ങളെ മുൻകാല പ്രാബല്യത്തോടെ ലക്ഷ്യം വയ്ക്കുന്ന ഈ പരിഷ്കാരം, ജനാധിപത്യ മൂല്യങ്ങളെയും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും ഹനിക്കുന്ന കടുത്ത നീതിനിഷേധത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുമെന്നത് വ്യക്തമാണ്. ജനാധിപത്യ ബോധമുള്ള മതേതരസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തവയാണ് പുതുതായി കൂട്ടിച്ചേർക്കപ്പെടാനൊരുങ്ങുന്ന വകുപ്പുകൾ പലതും.
► പിടിച്ചെടുക്കലാണോ സുതാര്യത?
എഫ്സിആർഎ ബില്ലിലെ ഭേദഗതികൾ സർക്കാർ അവകാശപ്പെടുന്നതുപോലെ സാമ്പത്തിക ക്രയവിക്രയങ്ങളിലെ സുതാര്യത അല്ല യഥാർഥത്തിൽ ലക്ഷ്യമിടുന്നത് എന്നത് വ്യക്തമാണ്. മറിച്ച്, കീഴ്പെടുത്താനും പിടിച്ചെടുക്കാനുമുള്ള അധികാരദുർവിനിയോഗത്തിന്റെ നവസാധ്യതകളാണ്. ഒരു സാങ്കേതിക പിഴവിന്റെ പേരിലോ അല്ലെങ്കിൽ രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളുടെ പേരിലോ ഒരു എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുമ്പോൾ, ആ സ്ഥാപനത്തിന്റെ എല്ലാ ഭൗതിക സാഹചര്യങ്ങളും സർക്കാർ നിശ്ചയിക്കുന്ന ഒരു അഥോറിറ്റിയുടെ (Designated Authority) കീഴിലാകുമെന്ന വ്യവസ്ഥ (16 A) അങ്ങേയറ്റം ആശങ്കാജനകമാണ്.
വിദേശ സംഭാവനകളുടെ സഹായത്തോടെ തുടക്കമിട്ടതോ ഇപ്പോഴും അത്തരം സഹായത്തോടെ പ്രവർത്തിച്ചുവരുന്നതോ ആയ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതിലൂടെ അവയുടെ ഭൂമിയും കെട്ടിടങ്ങളും സർക്കാർ ഉടമസ്ഥതയിലാക്കാനും പിന്നീട് അത് തങ്ങൾക്കനുകൂലമായ ഏജൻസികൾക്കോ വ്യക്തികൾക്കോ കൈമാറാനുമുള്ള വകുപ്പുകളുള്ള (16A (2), 16B) ഈ ഭേദഗതികൾ ഗവൺമെന്റ് അവകാശപ്പെടുന്നതുപോലെ സാമ്പത്തിക ക്രയവിക്രയങ്ങളിലെ സുതാര്യത അല്ല യഥാർഥത്തിൽ ലക്ഷ്യമിടുന്നത് എന്നതു വ്യക്തമാണ്.
ഇതിലുപരിയായി, സെക്ഷൻ 16A (6) പ്രകാരം സർക്കാരിലേക്ക് സ്ഥിരമായി വന്നുചേരുന്ന ആസ്തികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകൾക്കോ ഏജൻസികൾക്കോ കൈമാറാനോ അല്ലെങ്കിൽ അവ ലേലം ചെയ്ത് വിൽക്കാനോ സർക്കാരിന് അധികാരമുണ്ട്. ഇങ്ങനെ ലേലം ചെയ്യുന്ന ആസ്തികൾക്ക് യഥാർഥ ആധാരങ്ങൾ ഇല്ലെങ്കിൽ പോലും, അതോറിറ്റി നൽകുന്ന സെയിൽ സർട്ടിഫിക്കറ്റ് ഉടമസ്ഥാവകാശത്തിന്റെ അന്തിമ രേഖയായി കണക്കാക്കപ്പെടുമെന്ന് സെക്ഷൻ 16D വ്യക്തമാക്കുന്നു. ഇത് സ്ഥാപനങ്ങളുടെ നിയമപരമായ അവകാശങ്ങളെ പാടെ റദ്ദാക്കുന്ന ഒന്നാണ്.
ഈ നടപടികളെയൊന്നും സിവിൽ കോടതിയുടെ ഉത്തരവുകൾ വഴി തടയാനാവില്ല എന്നതും സെക്ഷൻ 16E (1) പ്രകാരം അഥോറിറ്റിയുടെ തീരുമാനങ്ങൾ സിവിൽ കോടതികളുടെ അതേ അധികാരത്തോടെയാണ് നടപ്പിലാക്കപ്പെടുന്നത് എന്നതും ജനാധിപത്യപരമായ നിയമ പോരാട്ടങ്ങൾക്ക് വലിയ വിലങ്ങുതടിയാണ്. ആരാധനാലയങ്ങൾപോലും ഏറ്റെടുക്കാനും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുവാനുമുള്ള നീക്കങ്ങൾ ഭരണഘടന ഉറപ്പ് നല്കുന്ന മതപരമായ സ്വതന്ത്ര്യത്തിന് എതിരാണ്.
► ലക്ഷ്യം വയ്ക്കുന്നത് ആരെ ?
ഈ നിയമ ഭേദഗതി, കേവലം വിദേശ ഫണ്ടിന്റെ വിനിയോഗം നിരീക്ഷിക്കുക/ നിയന്ത്രിക്കുക എന്നതിലുപരി, പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത കാരുണ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണം ശക്തമാണ്. വിദേശ സഹായം സ്വീകരിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുക എന്ന വ്യാജേന കൊണ്ടുവരുന്ന ഈ നിയമം യഥാർഥത്തിൽ ലക്ഷ്യം വയ്ക്കുന്നത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സേവന പ്രസ്ഥാനങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവ സഭകൾ നടത്തുന്ന ചെറുതും വലുതുമായ സ്ഥാപനങ്ങളെയാണെന്നത് പൊതുവെ സംശയിക്കപ്പെടുന്നു.
രാജ്യം സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടങ്ങളിൽ, ലോകമെമ്പാടുമുള്ള ധാരാളം സുമനസുകളുടെ സഹായത്തോടെയാണ് ക്രൈസ്തവസഭകൾ വിദ്യാലയങ്ങളും ആശുപത്രികളും അനാഥാലയങ്ങളും ഉൾപ്പെടെയുള്ള മറ്റ് സാമൂഹിക സേവന കേന്ദ്രങ്ങളും വിവിധ സംസ്ഥാനങ്ങളിൽ പടുത്തുയർത്തിയത്. നിയമപരമായി അന്ന് സ്വീകരിച്ച പണംകൊണ്ട് നിർമിച്ച ആസ്തികൾ, വർഷങ്ങൾക്കു ശേഷം മാറുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ പുതിയൊരു നിയമം ഉണ്ടാക്കി സർക്കാർ കൈക്കലാക്കാനൊരുങ്ങുന്നത് സാമാന്യ നീതിയുടെ ലംഘനമാണ്.
തലമുറകളുടെ അധ്വാനവും വിയർപ്പുംകൊണ്ട് പൊതുസമൂഹത്തിന് നന്മ ചെയ്യാൻ ഉണ്ടാക്കിയെടുത്ത പ്രസ്ഥാനങ്ങളും സംവിധാനങ്ങളും സംരക്ഷിക്കേണ്ട ചുമതലയുള്ള സർക്കാർതന്നെ പിടിച്ചെടുക്കലിന്റെ ശക്തികേന്ദ്രമാകുന്നത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്കും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾക്കും നിരക്കാത്ത ഒന്നാണ്. വർഗീയ താത്പര്യങ്ങളുടെ ചിന്തകൾ ഭരണ സംവിധാനങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഈ നിയമഭേദഗതിയെയും വിലയിരുത്താം.
ഇപ്പോൾതന്നെ നിരവധി എഫ്സിആർഎ ലൈസൻസുകൾ പുതുക്കി നല്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്ത് നിലനില്ക്കുന്നുണ്ട്. വിദേശ സംഭാവനകളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരായവരെ നിയന്ത്രിക്കുകതന്നെ വേണം. എന്നാൽ രാഷ്ട്ര നിർമ്മാണത്തിന് അമൂല്യമായ സംഭാവനകൾ നൽകികൊണ്ടിരിക്കുന്നവരെ വർഗീയകാരണങ്ങളാൽ ഇത്തരം നിയമനിർമാണത്തിലൂടെ വേട്ടയാടുന്നതും ഇല്ലാതാക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വകാര്യ സ്വത്തുക്കൾ ഉള്ളത് ന്യൂനപക്ഷങ്ങൾ, വിശിഷ്യാ ക്രൈസ്തവ സഭകൾക്കാണ് എന്നും അവയൊക്കെയും മതപരിവർത്തനത്തിനാണ് ഉപയോഗിക്കുന്നത് എന്നുമുള്ള അസത്യങ്ങളുടെ വർഗീയ പ്രചാരണങ്ങൾ സർക്കാർ സംവിധാനങ്ങളിലും വ്യാപിക്കുന്നത് കടുത്ത ആശങ്കയാണ് ന്യൂനപക്ഷങ്ങളിൽ ഉളവാക്കുന്നത്.
നിർബന്ധിത മതപരിവർത്തനം പോലുള്ള വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് ക്രൈസ്തവ സ്ഥാപനങ്ങളെയും വിശ്വാസികളെയും സമർപ്പിതരെയും വേട്ടയാടുന്ന പ്രവണത വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, ഈ ഭേദഗതികൾ നിയമമായാൽ ക്രൈസ്തവ വേട്ടയ്ക്ക് തത്പരകഷികൾക്ക് പുതിയ മേഖലകൾ തുറന്നുകിട്ടുകയാണ്.
നിയമപ്രകാരം ഇത്തരം ദുരാരോപണങ്ങൾ ഉന്നയിച്ച് ലൈസൻസ് സസ്പെൻഡ് ചെയ്താൽപോലും സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സർക്കാരിന് സാധിക്കും. പൊതുസമൂഹത്തിന് ലഭിക്കുന്ന അളവറ്റ സേവനങ്ങൾ തടസപ്പെടുത്തുന്നത് മാത്രമല്ല, സ്ഥാപനങ്ങളെയും സഭാ നേതൃത്വങ്ങളെയും വരുതിക്ക് നിർത്താനും ഭീഷണിപ്പെടുത്താനും ഇതൊരു ആയുധവുമായി മാറിയേക്കും.
Tags : FCRA Privacy Bill subjugate seize