പ്രതീകാത്മക ചിത്രം
ജൂൺ 19ന് അവതരിപ്പിച്ച കേരള ബജറ്റിലെ പ്രഖ്യാപനങ്ങൾക്കപ്പുറം സംസ്ഥാനത്തിന്റെ ധനകാര്യ മുൻഗണനകളെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടതുണ്ട്. കേരള ബജറ്റ് വിലയിരുത്തുമ്പോൾ കണക്കുകൾ മാത്രം പോരാ. സംസ്ഥാനത്തിന്റെ വികസനദിശയും സാമ്പത്തിക യാഥാർഥ്യങ്ങളുംകൂടി പരിഗണിക്കേണ്ടതുണ്ട്.
മനുഷ്യവികസന സൂചികകളിൽ രാജ്യത്തിന് മാതൃകയായ കേരളം ഇന്ന് മറ്റൊരു യാഥാർഥ്യത്തെയും നേരിടുകയാണ്. ഉയരുന്ന കടബാധ്യത, പരിമിതമായ തൊഴിലവസരങ്ങൾ, വളർച്ചയ്ക്കായി ആവശ്യമായ നിക്ഷേപങ്ങളുടെ കുറവ്. ഈ സാഹചര്യത്തിൽ പുതിയ ബജറ്റ് സംസ്ഥാനത്തിന്റെ പ്രധാന സാമ്പത്തിക വെല്ലുവിളികൾക്ക് എത്രത്തോളം മറുപടി നൽകുന്നു എന്നതാണ് പരിശോധിക്കേണ്ടത്.
ധനകാര്യ പ്രതിസന്ധി
കേരളത്തിന്റെ കടബാധ്യത വർഷംതോറും ഉയരുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്തിന്റെ കടം - ജിഎസ്ഡിപി അനുപാതം 2023-24 സാമ്പത്തിക വർഷത്തിൽ 34.52 ശതമാനവും 2024-25 സാമ്പത്തികവർഷത്തിൽ 34.87 ശതമാനവുമാണ്. ഇതേ കാലയളവിൽ തമിഴ്നാട്ടിൽ ഇത് യഥാക്രമം 26.63 ശതമാനവും 26.20 ശതമാനവും ആയിരുന്നു. കർണാടകത്തിൽ 24.69 ശതമാനവും 22.64 ശതമാനവും. മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തം ചെലവിൽ വലിയൊരു പങ്ക് കടത്തിന്റെ പലിശയും തിരിച്ചടവും ഉൾപ്പെടുന്ന കടസേവനത്തിനായാണ് ചെലവഴിക്കുന്നത്.
2024-25ൽ കേരളത്തിന്റെ പലിശച്ചെലവ്, പെൻഷൻ ചെലവ്, ശമ്പളച്ചെലവ് എന്നിവ മൊത്തം ചെലവിന്റെ യഥാക്രമം 16.76%, 16.04%, 21.81% എന്ന നിലയിലാണ്. ഇതോടെ സംസ്ഥാനത്തിന്റെ മൊത്തം ചെലവിന്റെ 54.61% ഈ മൂന്ന് ഇനങ്ങൾക്കായി പോകുന്നു. സ്ഥിരചെലവുകൾക്കായി വലിയൊരു വിഹിതം വിനിയോഗിക്കപ്പെടുമ്പോൾ വികസന നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ധനസ്രോതസ് സ്വാഭാവികമായും ചുരുങ്ങുന്നു.
വളർച്ചയ്ക്കും വരുമാനസൃഷ്ടിക്കും വഴിയൊരുക്കുന്ന നിക്ഷേപങ്ങൾ ഗണ്യമായി വർധിപ്പിക്കാതെ, ഉയർന്ന കടം - ജിഎസ്ഡിപി അനുപാതമുള്ള സാഹചര്യത്തിൽ, നിലവിലെ ക്ഷേമപരിപാടികൾ ദീർഘകാലാടിസ്ഥാനത്തിൽ തുടരാൻ കേരളത്തിന് ധനകാര്യപരമായി കഴിയുമോ എന്നതാണ് ഈ ഘട്ടത്തിൽ ഉയരുന്ന പ്രധാന ചോദ്യം.
ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ഭാവിയിലെ സാമ്പത്തികവളർച്ചയ്ക്കും വരുമാനസൃഷ്ടിക്കും സംസ്ഥാനത്തിന്റെ നിക്ഷേപശേഷി പരിശോധിക്കേണ്ടതാണ്. നിക്ഷേപങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത വിലയിരുത്താൻ മൂലധനച്ചെലവ്-മൊത്തം ചെലവ് അനുപാതം ഒരു പ്രധാന സൂചകമാണ്.
കേരളത്തിൽ ഈ അനുപാതം 2023-24ൽ 10.58 ശതമാനവും 2024-25ൽ 10.29 ശതമാനവുമായിരുന്നു. എന്നാൽ, തൊഴിലിനും മറ്റ് ഉപജീവന അവസരങ്ങൾക്കുമായി മലയാളികൾ ധാരാളം കുടിയേറുന്ന സംസ്ഥാനമായ കർണാടകയിൽ ഇത് യഥാക്രമം 21.68 ശതമാനവും 18.15 ശതമാനവുമാണ്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത്, കർണാടകവുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഉത്പാദനക്ഷമമായ നിക്ഷേപങ്ങൾക്കായി ചെലവഴിക്കുന്ന വിഹിതം താരതമ്യേന കുറവാണെന്നാണ്. ആകെ ചെലവിൽ മൂലധനച്ചെലവിന്റെ വിഹിതത്തിന് കുറഞ്ഞത് 15 ശതമാനം എന്നൊരു സൂചക നിലവാരം പരിഗണിച്ചാൽ, കേരളത്തിന് 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം ₹7,045.81 കോടി, ₹8,184.36 കോടി, ₹10,385.34 കോടി വീതം അധികമായി മൂലധനച്ചെലവിനായി വകയിരുത്തേണ്ടി വരുമായിരുന്നു.
പുതുതായി അവതരിപ്പിച്ച 2026-27 ബജറ്റിൽ ആകെ ചെലവിൽ മൂലധനച്ചെലവിന്റെ വിഹിതം വെറും 9.91 ശതമാനം മാത്രമാണ്. ഇതേ 15 ശതമാനം എന്ന സൂചക നിലവാരം അടിസ്ഥാനമാക്കിയാൽ, നിലവിലെ വകയിരുത്തലിനേക്കാൾ ₹11,569.50 കോടി അധികമായി മൂലധനച്ചെലവിനായി വകയിരുത്തേണ്ടിവരുമായിരുന്നു. ദീർഘകാല വളർച്ചയ്ക്കും വരുമാനസൃഷ്ടിക്കും അടിത്തറയാകുന്ന ഇത്തരം നിക്ഷേപങ്ങളിലെ പരിമിതി സംസ്ഥാനത്തിന്റെ വരുമാന സൃഷ്ടിശേഷിയിലും പ്രതിഫലിക്കുന്നതായി കാണാം.
കേരള മോഡലിന്റെ ശക്തി
അതേസമയം, കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി വിലയിരുത്തുമ്പോൾ സംസ്ഥാനത്തിന്റെ പ്രത്യേക വികസന മാതൃകയും പരിഗണിക്കേണ്ടതാണ്. ആരോഗ്യരംഗം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ, ക്ഷേമപദ്ധതികൾ എന്നിവയ്ക്ക് കേരളം ചരിത്രപരമായി വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. അതിന്റെ ഫലമായാണ് മാനവ വികസന സൂചികകളിൽ കേരളം മുന്നിട്ടു നിൽക്കുന്നത്.
മനുഷ്യ മൂലധനത്തിലുള്ള ഈ നിക്ഷേപങ്ങൾ കേരളത്തിന്റെ വികസനയാത്രയ്ക്ക് ഇന്നും ശക്തമായ അടിത്തറ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളുമായി നടത്തുന്ന താരതമ്യങ്ങൾ എല്ലായ്പോഴും ഈ പ്രത്യേകത കണക്കിലെടുത്തായിരിക്കണം.
സംസ്ഥാനത്തിന്റെ വരുമാന സൃഷ്ടിശേഷി വേഗത്തിൽ വർധിപ്പിക്കുന്നതിന് ആവശ്യമായ തോതിൽ മൂലധനച്ചെലവ് ഉയർത്താൻ നിലവിലെ ധനസ്ഥിതി അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ വളർച്ചയും തൊഴിൽ സൃഷ്ടിയും ത്വരിതപ്പെടുത്തുന്നതിന് സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുക എന്നത് നയപരമായ അനിവാര്യതയായി മാറുന്നു. അയൽസംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും വർഷങ്ങളായി കേരളത്തെ അപേക്ഷിച്ച് ഗണ്യമായ തോതിൽ കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിച്ചു വരുന്നുവെന്നതും ശ്രദ്ധേയമാണ്.
സ്വകാര്യ നിക്ഷേപങ്ങൾ വർധിക്കുന്നത് സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നികുതി അടിത്തറ വിപുലപ്പെടുത്തുകയും ചെയ്യും. അതുവഴി സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയും മെച്ചപ്പെടാൻ സാധ്യതയുണ്ട്.
ഈ പശ്ചാത്തലത്തിൽ പുതിയ കേരള ബജറ്റിൽ പ്രഖ്യാപിച്ച ഇൻവെസ്റ്റ് കേരളം, സ്പെഷൽ ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ, പ്രവാസി പങ്കാളിത്ത സംരംഭങ്ങൾ എന്നിവ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളാണ്. സംസ്ഥാനത്തിന്റെ വികസന തന്ത്രത്തിൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് കൂടുതൽ സ്ഥാനം നൽകാൻ സർക്കാർ തയാറാകുന്നതിന്റെ സൂചനകളായി ഇവയെ കാണാം.
എന്നാൽ, പ്രഖ്യാപനങ്ങൾക്കപ്പുറം, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വ്യക്തമായ പ്രവർത്തനരേഖയും ആവശ്യമായ ധനവിഹിതവും നിലവിലെ ബജറ്റിൽ വ്യക്തമല്ല. സംസ്ഥാനത്തിന്റെ ദീർഘകാല വളർച്ച ഉറപ്പാക്കുന്നതിനായി, ഇത്തരം പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്നതിലും അവയ്ക്കായി എത്രമാത്രം വിഭവങ്ങൾ നീക്കിവയ്ക്കുമെന്നതിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഈ പദ്ധതികളുടെ വിജയം അവയുടെ പ്രഖ്യാപനങ്ങളിൽ മാത്രമല്ല, മറിച്ച് അവ എത്രത്തോളം ഫലപ്രദമായി നടപ്പാക്കപ്പെടുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.
(ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്രം
അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക)
Tags : Kerala Finance Realities Expectations