ബാങ്കിനു മുന്നിൽ സമരം ചെയ്തയാളെ റിമാൻഡ് ചെയ്തു
1298870
Wednesday, May 31, 2023 5:08 AM IST
മഞ്ചേരി: വായ്പ തിരിച്ചടച്ചുവെങ്കിലും വീടും സ്ഥലവും ജപ്തി ചെയ്ത ബാങ്കധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 12 ദിവസമായി ഏകാംഗ സമരം നടത്തിയതിന് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തയാളെ റിമാൻഡ് ചെയ്തു.
തൃക്കലങ്ങോട് കുഴിവേലി തടത്തിൽ ബാബുജോണി (50) നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 18 മുതൽ മഞ്ചേരി സി.എച്ച് ബൈപാസ് റോഡിലെ കനറാ ബാങ്ക് ശാഖക്ക് മുന്നിൽ ഇദ്ദേഹം നടത്തി വന്ന രാപ്പകൽ സമരം ഇക്കഴിഞ്ഞ ദിവസം ബാങ്കിന്റെ വരാന്തയിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐ അശോകൻ സമരക്കാരനെ അറസ്റ്റ് ചെയ്ത് നീക്കിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പോലീസ് ചാർജ് ചെയ്തതെങ്കിലും തന്നെ ജാമ്യത്തിലെടുക്കാൻ ആരുമില്ലെന്ന് ബാബു ജോണ് അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്നു പോലീസ് പറഞ്ഞെങ്കിലും താത്പര്യമില്ലെന്നു അറിയിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.
പോലീസെത്തി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജോണ് വഴങ്ങിയിരുന്നില്ല. പകലും രാത്രിയും ബാങ്കിനു മുന്നിൽ കുത്തിയിരുന്നായിരുന്നു സമരം.