യുപി ക്ലാസുകളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം: ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം ചേർന്നു
1548633
Wednesday, May 7, 2025 5:13 AM IST
മലപ്പുറം: ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ. വിനോദ് നേതൃത്വം നൽകി. മഴക്കാലത്തിന് മുന്നോടിയായി ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടർ നിർദേശം നൽകി.
താലൂക്കുകൾ കേന്ദ്രീകരിച്ച് എമർജൻസി റെസ്പോണ്ട്സ് ടീമിനെ സജ്ജമാക്കും. ജെസിബി, ഹിറ്റാച്ചി, മരംമുറിക്കുന്ന മെഷീനുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങളും യന്ത്രങ്ങളും ഉറപ്പാക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ ജില്ലാതല ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ജൂണ്‍ ഒന്ന് മുതൽ ഡിസംബർ വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾറൂമുകൾ സജ്ജമാക്കാൻ തദ്ദേശ വകുപ്പിനോട് നിർദേശിച്ചു. കണ്ട്രോൾ റൂം നന്പറുകൾ പൊതുജനങ്ങളിലേക്കെത്തിക്കണം.
അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ അറിയിപ്പിന് കാത്തിരിക്കാതെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കളക്ടർ ഓർമിപ്പിച്ചു. ജില്ലയിലെ യുപി ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകാനും യോഗത്തിൽ ആവശ്യമുയർന്നു.
ഇതിനായി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പരിശീലന ക്ലാസുകൾ ഉടൻ തുടങ്ങും. ജില്ലയിൽ പലഭാഗത്തും മണ്ണെടുപ്പ് നടക്കുന്നുണ്ടെന്നും അപകടാവസ്ഥയിലുള്ള മണ്ണെടുപ്പ് അനുവദിക്കില്ലെന്നും കളക്ടർ പറഞ്ഞു.
മണ്ണെടുപ്പിന്റെ നിലവിലെ അവസ്ഥകൾ പരിശോധിക്കാൻ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി. മഴ ശക്തമാകുന്നതിന് മുന്‍പ് തന്നെ ഓവുചാലുകളിലും മറ്റും കെട്ടിനിൽക്കുന്ന മണ്ണ് നീക്കം ചെയ്യാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടയാൽ നടപടികൾ സ്വീകരണിക്കണമെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
എല്ലാ വകുപ്പുകളും ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കി പ്രവർത്തിക്കണമെന്നും കളക്ടർ നിർദേശം നൽകി. യോഗത്തിൽ സബ് കളക്ടർ ദിലീപ് കൈനിക്കര, എഡിഎം എൻ.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.