92.5 കോടിയുടെ രാമൻചാടി കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്
1548426
Tuesday, May 6, 2025 7:48 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സഹായകമായ 92.5 കോടിയുടെ രാമൻചാടി കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്.
തൂതപ്പുഴയിലെ രാമൻചാടി കടവിൽ നിർമിച്ച മെയിൻ പന്പ്ഹൗസിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി 66 ലക്ഷം രൂപ വൈദ്യുതി ബോർഡിലേക്ക് സിഡി അടക്കുന്ന നടപടി വാട്ടർ അഥോറിറ്റി അടുത്ത ദിവസം പൂർത്തിയാക്കും. അതോടെ വൈദ്യുത കണക്ഷൻ ലഭ്യമാക്കി പന്പിംഗ് ആരംഭിക്കാനാകുമെന്ന് നഗരസഭ കൗണ്‍സിൽ യോഗത്തിൽ ചെയർമാൻ പി. ഷാജി പറഞ്ഞു. പെരിന്തൽമണ്ണ നഗരസഭക്കൊപ്പം ഏലംകുളം, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തുകളിലും രാമൻചാടി പദ്ധതിയിൽ നിന്നുള്ള കുടിവെള്ളം ലഭ്യമാകും.
നിലവിൽ കട്ടുപ്പാറ ശുദ്ധജല പദ്ധതിയിലെ 3.5 എംഎൽഡി ശേഷിയുള്ള ജലവിതരണ സംവിധാനം മതിയാകാതെ വന്നപ്പോഴാണ് രാമൻചാടി പദ്ധതി വന്നത്. രാമൻചാടി പദ്ധതിയിൽ നിന്ന് കൂടുതലായി 23 എംഎൽഡി ജലമാണ് വിതരണം ചെയ്യാൻ ലക്ഷ്യംവയ്ക്കുന്നത്. 2017-18 വർഷത്തെ ബജറ്റിൽ കിഫ്ബി പദ്ധതിയിൽ 92.5 കോടി രൂപയാണ് അനുവദിച്ചത്.
നഗരസഭ പ്രദേശത്തെ 47 കിലോമീറ്റർ പഴയ പൈപ്പുകൾ മാറ്റി ജിഐ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയായി. 37 കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കിയത്. തൂതപ്പുഴയിൽ രാമൻചാടിയിൽ കിണർ, പന്പ്സെറ്റ്, ട്രീറ്റ്മെന്റ് പ്ലാന്റ്, അനുബന്ധ സംവിധാനം എന്നിവക്ക് 30 കോടി രൂപയാണ് കണക്കാക്കിയത്. രാമൻചാടിയിൽ നിന്ന് പന്പ് ചെയ്യുന്ന വെള്ളം അലിഗഡ് കാന്പസ് വളപ്പിലെ ജല സംഭരണിയിൽശുദ്ധീകരിച്ചാണ് വിതരണം ചെയ്യുക.
25.5 കോടിയാണ് ഇതിന് ചെലവ്. സംഭരണിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ അലിഗഡ് കാന്പസ് വളപ്പിൽ 1.50 ഏക്കർ ഭൂമി നഗരസഭക്ക് വിട്ടുകൊടുത്തു.
പദ്ധതിയിൽ നിന്ന് 11 എംഎൽഡി വെള്ളം നഗരസഭക്കും നാല് എംഎൽഡി വെള്ളം അലിഗഡ് കാന്പസിനും അങ്ങാടിപ്പുറം, ഏലംകുളം ഗ്രാമപഞ്ചായത്തുകൾക്കും നൽകാനാണ് കരാർ. പദ്ധതിയുടെ അന്തിമഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭ കൗണ്‍സിലർമാർ 15 നകം പദ്ധതി പ്രദേശം സന്ദർശിക്കും.