അങ്ങാടിപ്പുറത്തെ അങ്കണവാടികൾ സ്മാർട്ടാകുന്നു
1548631
Wednesday, May 7, 2025 5:13 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ അങ്കണവാടികൾ സ്മാർട്ടും ബേബി ഫ്രണ്ട്ലിയുമായി മാറുന്നു. കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ യഥേഷ്ടം കളിപ്പാട്ടങ്ങളും യന്ത്രോപകരണങ്ങളും ഊഞ്ഞാലുകളും സ്ഥാപിച്ചും ചുമരിൽ വർണചിത്രങ്ങളും ടിവികൾ സ്ഥാപിച്ചുമാണ് അങ്കണവാടികൾ സ്മാർട്ടാക്കികൊണ്ടിരിക്കുന്നത്.
പഞ്ചായത്തിൽ 43 അങ്കണവാടികളാണുള്ളത്. ഇതിൽ ഒന്നാംഘട്ടമായി ഓരോ വാർഡിലും ഓരോ അങ്കണവാടികൾ എന്ന പ്രകാരം 23 അങ്കണവാടികളാണ് സ്മാർട്ടാക്കുന്നത്. ഇതിനായി 46 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്.
അരിപ്ര മണ്ണാറന്പിലെ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു പദ്ധതിക്ക് തുടക്കമായി. മഞ്ഞളാംകുഴി അലി എംഎൽഎ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വാക്കാട്ടിൽ സുനിൽ ബാബു, സലിന താണിയൻ, ഫൗസിയ തവളേങ്ങൽ, വാർഡ് മെംബർ ജസീന അങ്കക്കാട്ടിൽ, കെ.ടി. അൻവർ, എ. ഖദീജ, സെക്രട്ടറി സുഹാസ്, കെ.കെ.സി.എം. അബൂ താഹിർ തങ്ങൾ, ഹാരിസ് കളത്തിൽ സൂപ്പർവൈസർമാരായ അദീന,സാവിത്രി, ജയശ്രി എന്നിവർ പ്രസംഗിച്ചു.