മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം 12ന്
1548625
Wednesday, May 7, 2025 5:13 AM IST
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല യോഗം 12 ന് രാവിലെ 10.30 മുതൽ 12.30 വരെ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ മേഖലകളിലെ പ്രതിനിധികളും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമടക്കം 1200 ലധികം പേർ യോഗത്തിൽ പങ്കെടുക്കും.
കോട്ടക്കുന്നിൽ നടക്കുന്ന പ്രദർശന മേളയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, നാഷണൽ വാട്ടർ വെയ്സ്, ദുരന്തനിവാരണം, നോർക്ക, പോലീസ്, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യു, ഐടി മിഷൻ, റവന്യു, ആരോഗ്യം, ഫോറസ്റ്റ്, സപ്ലൈകോ, വൈദ്യുതി, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കെ ഫോണ്‍, കെ സ്മാർട്ട് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ മികവാർന്ന സ്റ്റാളുകൾ മേളയ്ക്ക് മാറ്റു കൂട്ടും.
’എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ ഇന്നു മുതൽ 13 വരെ നടക്കും. വൈകുന്നേരം ഏഴു മുതൽ രാത്രി പത്തു വരെയായിരിക്കും കലാപരിപാടികൾ അരങ്ങേറുക. ഒന്‍പതിന് സൂഫിഗായകരായ സമീർ ബിൻസിയും ഇമാമും നയിക്കുന്ന സൂഫി സംഗീതനിശ, 10ന് വയനാട്ടിലെ ’ഉണർവ്’ നയിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും.
11ന് പെണ്‍കുട്ടികളുടെ അക്രോബാറ്റിക് ഫയർ ഡാൻസ്, 12ന് കണ്ണൂർ ഷെരീഫും ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, 13ന് പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും മെഗാ മ്യൂസിക്കൽ നൈറ്റ് എന്നിവയും അരങ്ങേറും.