നിലന്പൂർ ടൗണ് വികസനം: കെട്ടിടങ്ങൾ പൊളിക്കാൻ ധാരണയായി
1336741
Tuesday, September 19, 2023 7:36 AM IST
നിലന്പൂർ: നിലന്പൂർ ടൗണിലെ റോഡ് വികസന പ്രവൃത്തിക്ക് കെട്ടിടങ്ങൾ പൊളിക്കാൻ ധാരണയായി. പി.വി. അൻവർ എംഎൽഎയുടെ സാന്നിധ്യത്തിൽ ഇന്നലെ കെട്ടിട ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
സൗജന്യമായി ഭൂമി വിട്ടു നൽകാൻ തയാറായ ഭൂവുടമകളെ എംഎൽഎ അഭിനന്ദിച്ചു. കെട്ടിടങ്ങൾ പൊളിക്കൽ അടുത്ത മാസം 10 ന് മുന്പ് പൂർത്തീകരിക്കും. റോഡ് നിർമാണ പ്രവൃത്തി ആറു മാസം കൊണ്ടു തീർക്കുമെന്നും എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച അഞ്ച് കോടി രൂപ ചെലവിലാണ് നിലന്പൂർ ടൗണിന്റെ സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നത്.
കുറഞ്ഞത് 13 മീറ്റർ വീതിയിൽ റോഡ് നിർമിക്കും. ഒന്പതു മീറ്റർ വീതിയിൽ ടാറിംഗ് നടത്തും. ഇരുഭാഗത്തും ഒന്നര മീറ്റർ നടപ്പാതയുമുണ്ടാകും. റോഡരികിൽ രണ്ടടി വീതിയിൽ കട്ട പതിക്കുകയും ചെയ്യും. നിലവിൽ ഇരുഭാഗത്തുമുള്ള നടപ്പാതയിൽ നിന്നു ഒന്നര മീറ്റർ ഭൂമി കൂടി റോഡിനായി ഏറ്റെടുക്കും.
ഇതിനായി കഴിഞ്ഞ ദിവസം ജനതപ്പടി മുതൽ ഗവണ്മെന്റ് യുപി സ്കൂൾ വരെയുള്ള ഒന്നേകാൽ കിലോമീറ്റർ ഭാഗം അളന്നുതിട്ടപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് കെട്ടിട ഉടമകളുടെ യോഗം വിളിച്ചു ചേർത്തത്. പ്രവൃത്തിയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും അഭിപ്രായങ്ങളും കെട്ടിട ഉടമകൾ പങ്കുവച്ചു. റോഡിന്റെ മധ്യഭാഗത്തു നിന്നു അളന്നു ഭൂമി ഏറ്റെടുക്കണമെന്നും റോഡ് എല്ലാ ഭാഗത്തും തുല്യവീതിയാക്കണമെന്നും ചില കെട്ടിട ഉടമകൾ ആവശ്യപ്പെട്ടു. പദ്ധതിക്കായി സൗജന്യമായി ഭൂമി ഏറ്റെടുക്കും.
കെട്ടിടങ്ങൾ പൊളിക്കാനുള്ള ചെലവ് ഉടമകൾ തന്നെ വഹിക്കണം. എന്നാൽ കെട്ടിടം പൊളിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്പോൾ കെട്ടിട നിർമാണചട്ടത്തിൽ ഇളവു അനുവദിക്കും. റോഡിൽ നിന്നു ഒന്നര മീറ്റർ വിട്ട് പുതിയ കെട്ടിടം നിർമിക്കാനാകും. കെട്ടിടം പൂർണമായും നഷ്ടപ്പെടുന്നവർക്കു സഹായം ആവശ്യമെങ്കിൽ കഴിയാവുന്ന സഹായം ചെയ്യുമെന്നും എംഎൽഎ പറഞ്ഞു. പ്രവൃത്തി പൂർത്തിയായ ശേഷം പേ പാർക്കിംഗ്, ടാക്സി പാർക്കിംഗ് തുടങ്ങിയവ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും എംഎൽഎ വ്യക്തമാക്കി. രാത്രി സമയങ്ങളിൽ പരമാവധി പ്രവൃത്തി നടത്തി യാത്രക്കാരുടെയും വ്യാപാരികളുടെയും പ്രയാസം ലഘൂകരിക്കും.
റെഡിമെയ്ഡ് സ്ലാബുകൾ കൊണ്ടു ഓവുചാലുകൾ നിർമിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഹ്സിൻ പറഞ്ഞു. കോഴിക്കോട്-നിലന്പൂർ-ഗൂഢല്ലൂർ അന്തർസംസ്ഥാന പാതയുടെ ഭാഗമായ നിലന്പൂർ ടൗണിൽ ഗതാഗതകുരുക്ക് രൂക്ഷമാണ്.
റോഡിന്റെ വീതി കുറവ് അന്തർസംസ്ഥാന യാത്രക്കാരടക്കമുള്ളവർക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ വീതി കൂട്ടണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുകയാണ്.
നിലന്പൂർ നഗരസഭയിൽ ചേർന്ന കെട്ടിട ഉടമകളുമായുള്ള യോഗത്തിൽ എംഎൽഎക്ക് പുറമെ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ പി.എം. ബഷീർ, കക്കാടൻ റഹീം, സ്കറിയ ക്നാംതോപ്പിൽ, കൗണ്സിലർ ഗോപാലകൃഷ്ണൻ, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഹ്സിൻ, നിലന്പൂർ സിഐ സുനിൽപുളിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വിനോദ് പി. മേനോൻ, നിലന്പൂർ മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി യു. നരേന്ദ്രൻ, കെട്ടിട ഉടമകളുടെ അസോസിയേഷൻ പ്രതിനിധി ഷഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.