മാതൃപിതാവിന്റെ സംസ്കാര ചടങ്ങിനെത്തിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു
1337339
Friday, September 22, 2023 12:40 AM IST
മഞ്ചേരി: മാതൃപിതാവിന്റെ സംസ്കാര ചടങ്ങിനെത്തിയ യുവാവ് അനക്കയം ചേപ്പൂർ ഭാഗത്ത് പുഴയിൽ ഒഴുക്കിൽപെട്ട് മരിച്ചു. പാണ്ടിക്കാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന മാഞ്ചേരി കുരിക്കൾ ആസാദിന്റെ മകൻ അർഷക് എന്ന മുത്തു (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മാതാവ് റജീനയുടെ പതാവ് ചേപ്പൂരിലെ ചുണ്ടിയൻമൂച്ചി കുഞ്ഞി മുഹമ്മദ് ബുധനാഴ്ച രാത്രി മരണപ്പെട്ടിരുന്നു.
മരണാനന്തര ചടങ്ങുകൾക്ക് എത്തിയ യുവാവ് ചടങ്ങുകൾക്ക് ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കാൽ വഴുതി ഒഴുക്കിൽപ്പെട്ടതായി സംശയിക്കുന്നു. കാണാതായ യുവാവിനെ ഫയർ ഫോഴ്സും നാട്ടുകാരും ആക്സിഡന്റ് റെസ്ക്യൂ പ്രവർത്തകരും മറ്റ് സന്നദ്ധ പ്രവർത്തകരും നടത്തിയ തെരച്ചിലിൽ വൈകീട്ട് അഞ്ചോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോലം കടവിൽ നിന്നും 150 മീറ്റർ മാറി കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി പാണ്ടിക്കാട് ജുമുഅ മസ്ജിദിൽ ഖബറടക്കും. ഡിഗ്രി വിദ്യാർത്ഥിയായ അർഷക് മലപ്പുറം കോഡൂരിലെ സ്ഥാപനത്തിൽ മതപഠനവും നടത്തുന്നുണ്ട്. മുഹമ്മദ് ഹർഷൽ, ഹർഷ എന്നിവർ സഹോദരങ്ങളാണ്.