നിലന്പൂരിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി
1338604
Wednesday, September 27, 2023 1:17 AM IST
നിലന്പൂർ: സംസ്ഥാന വ്യാപകമായി നടന്നുവരുന്ന മാലിന്യമുക്ത കാന്പയിന്റെ ഭാഗമായുള്ള ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിലന്പൂർ നഗരസഭയിൽ മിന്നൽ പരിശോധന നടത്തി. ജില്ലയിൽ ഇന്നലെ 11 സ്ക്വാഡുകളാണ് വിവിധ നഗരസഭകളിലായി പരിശോധന പൂർത്തിയാക്കിയത്.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്നതിനും നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതിനുമായി നഗരസഭയിലെ വിവിധ വാർഡുകളിലായി 19 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ ഒറ്റ തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നതിനും മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനം ഒരുക്കാതെ തുറസായ സ്ഥലങ്ങളിലേക്കും ഓടയിലേക്കും ഒഴുക്കി വിടുന്നതിനെതിരേയും 65,000 രൂപ പിഴ ചുമത്തി.
നിയമലംഘകർക്ക് പരിശോധന വേളയിൽ നോട്ടീസ് നൽകി. പരിശോധനയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് അംഗങ്ങളായ പി. ബൈജു, ഒ. ജ്യോതിഷ്, പി. അഖിൽ, നഗരസഭാ സെക്രട്ടറി ജി. ബിനുജി, നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.സി. രാജീവൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി. ഡിന്റോ, സി. രതീഷ് എന്നിവർ നേതൃത്വം നൽകി.
വരും ദിവസങ്ങളിലും സ്ക്വാഡ് പ്രവർത്തനം ശക്തമാക്കുമെന്ന് ജില്ലാ എൻഫോഴ്സമെന്റ് വിഭാഗം അറിയിച്ചു.