എം. അലവി സ്മാരക പുരസ്കാരം വി.സി.ശിവരാമ പണിക്കര്‍ക്ക്
1373804
Monday, November 27, 2023 2:57 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന എം.അലവിയുടെ സ്മരണയ്ക്കായി കരുവാരക്കുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് ശിവരാമ പണിക്കര്‍ അര്‍ഹനായെന്ന് ഭാരവാഹികളും ജൂറി അംഗങ്ങളും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടുതവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സ്ഥിര സമിതി അധ്യക്ഷനായും കരുവാരകുണ്ടിന്റെ വികസനകാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജനപ്രതിനിധിയായിരുന്നു എം. അലവി.
കൂടാതെ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സാധാരണക്കാരും അശണരുമായവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് അദ്ദേഹം നന്നേ പരിശ്രമിക്കുകയും ചെയ്തു. ഒന്നാം ചരമ വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി വിപുലമായ അനുസ്മരണ സമ്മേളനമാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അനുസ്മരണ സമ്മേളനത്തില്‍ വച്ചാണ് പുരസ്കാര വിതരണം നടക്കുന്നത്.
എം. അലവിയുടെ ജീവിതത്തോട് കിടപിടിക്കുന്ന തരത്തിലുള്ള ഒരാളെ തന്നെയാകണം പുരസ്കാരത്തിന് തെരഞ്ഞെടുക്കേണ്ടതെന്നു നിര്‍ബന്ധമുണ്ടായിരുന്നതായി ജൂറി അംഗങ്ങള്‍ പറഞ്ഞു. മതേതരവാദിയും വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നയിക്കുകയും ചെയ്ത വ്യക്തിയാണ് വി.സി.ശിവരാമ പണിക്കര്‍. സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചപ്പോഴും സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ശിവരാമപണിക്കാര് മുന്‍തൂക്കം നല്‍കിയതെന്നു സംഘാടകര്‍ പറഞ്ഞു.
ഇന്നു കിഴക്കേത്തലയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്കാരം സമര്‍പ്പിക്കും എ.പി. അനില്‍കുമാര്‍ എംഎല്‍എ, പി.കെ. ബഷീര്‍ എംഎല്‍എ, അഡ്വ. എം. ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്മാന് എന്‍.കെ. അബ്ദുറഹിമാന്, ഉമ്മച്ചന് തെങ്ങുംമൂട്ടില്‍, നൗഷാദ് പുഞ്ച, വി.എസ്.എം. കബീര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ഉണ്ണീന്‍കുട്ടി, സെക്രട്ടറി എം.കെ. മുഹമ്മദലി, ട്രഷറര്‍ പി.കെ. നാസര്‍, പി. ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.