കോഴിവളര്‍ത്തല്‍ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തണം: കെപിഎഫ്എ
1373806
Monday, November 27, 2023 2:57 AM IST
പെരിന്തല്‍മണ്ണ: കോഴിവളര്‍ത്തല്‍ മേഖലയെ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു എല്ലാ നിയോജക മണ്ഡലങ്ങളിലും നടക്കുന്ന നവകേരള സദസുകളില്‍ കോഴികര്‍ഷകര്‍ കൂട്ട പരാതി നല്കുന്നതിനു ചെറുകിട കോഴി കര്‍ഷകരുടെ സംഘടനയായ കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് (കെപിഎഫ്എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മറ്റു സംസ്ഥാനങ്ങളിലെല്ലാം കോഴിവളര്‍ത്തല്‍ കൃഷിമേഖലയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി സബ്സിഡി പോലെയുള്ള ആനുകൂല്യങ്ങള്‍ നല്കി കര്‍ഷകരെ സംരക്ഷിക്കുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിലെ കോഴിവളര്‍ത്തുന്ന താല്‍ക്കാലിക ഷെഡുകള്‍ക്ക് വ്യവസായിക ഷെഡുകള്‍ക്ക് നല്കുന്ന അതേ നികുതിയും വണ്‍ ടൈം ടാക്സ് എന്ന പേരില്‍ ആഢംബര നികുതിയും ഈടാക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതികളില്‍ നടപടി സ്വീകരിക്കുകയോ കൃഷിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതിനാലാണ് നവകേരള സദസില്‍ കൂട്ട പരാതികള്‍ നല്കാന് കെപിഎഫ്എയെ പ്രേരിപ്പിച്ചതെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
മൂന്നു ലക്ഷത്തോളം ഫാമുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഉദ്യോഗസ്ഥ പീഡനം മൂലവും സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളുമായി 50 ശതമാനത്തിലധികം ഫാമുകള്‍ പിടിച്ചു നില്‍ക്കാനാകാതെ അടച്ചുപൂട്ടുകയോ പൊളിക്കപ്പെടുകയോ ചെയ്തു.
ശേഷിക്കുന്ന കോഴിഫാം കര്ഷകരെയെങ്കിലും സംരക്ഷിക്കുന്നതിന് കോഴിവളര്‍ത്തല്‍ മേഖലയെ കൃഷിവകുപ്പിന്റെ കീഴില്‍ ഉള്‍പ്പെടുത്തി കോഴി കര്‍ഷകരെ സംരക്ഷിക്കണമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കാദറലി വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ശിഹാബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ സൈദ് മണലായ, സംസ്ഥാന ലീഗല്‍ അഡൈ്വസര്‍ അഡ്വ. കെ.ടി. ഉമ്മര്‍, ആസാദ് കളരിക്കല്‍, സി.പി. സൈതലവി, ഹുസൈന് വടക്കന്‍, മജീദ് വെട്ടത്തൂര്‍, സിദ്ദീഖ് ആലുങ്ങല്‍, കെ.വി മൂസക്കുട്ടി, സിദ്ദീഖ് പൊന്മള, ഹൈദര്‍ ഉച്ചാരക്കടവ്, ഹസന് മങ്കട, കുഞ്ഞുമൊയ്തീന് കരുവള്ളി എന്നിവര്‍ പ്രസംഗിച്ചു.