നവകേരള സദസ് ഇന്നു മുതല്‍ ജില്ലയില്‍
1373812
Monday, November 27, 2023 2:58 AM IST
മലപ്പുറം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസിന് ഇന്നു മലപ്പുറം ജില്ലയില്‍ തുടക്കം. മൂന്നുപ്രഭാത സദസുകള്‍ ഉള്‍പ്പെടെ ആകെ 19 പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. രാവിലെ ഒമ്പതിന് തിരൂര്‍ ബിയാന്‍കോ കാസിലില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രഭാത സദസോടെ മലപ്പുറം ജില്ലയിലെ പരിപാടികള്‍ക്കു തുടക്കമാകും.
തിരൂര്‍, പൊന്നാനി, തവനൂര്‍, താനൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ നിന്നു ക്ഷണിക്കപ്പെട്ട ഇരുനൂറോളം അതിഥികളാണ് പ്രഭാതസദസില്‍ പങ്കെടുക്കുക. തുടര്‍ന്നു ജില്ലയുടെ സമഗ്രമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കും. ഇവിടെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല. വിവിധ മേഖലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസിന്റെ ഭാഗമായ പ്രഭാതസദസില്‍ പ്രത്യേക ക്ഷണിതാക്കളില്‍ നിന്നു സ്വരൂപിക്കുകയും ഇവയെല്ലാം ക്രോഡീകരിച്ച് മലപ്പുറം ജില്ലയുടെ പുതിയ വികസന നയം രൂപീകരിക്കുകയും ചെയ്യും.
പൊന്നാനി നിയോജക മണ്ഡലം നവകേരള സദസ് ഇന്നു രാവിലെ 11ന് പൊന്നാനി ഹാര്‍ബര്‍ ഗ്രൗണ്ടില്‍ നടക്കും. അയ്യായിരത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന പന്തലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടു മുതല്‍ പൊതുജനങ്ങളില്‍ നിന്നു പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
21 കൗണ്ടറുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. നവകേരള സദസിന് മുന്നോടിയായി രാവിലെ ഒമ്പതു മുതല്‍ 10.30 വരെ ഫിറോസ് ബാബുവും സംഘവും നയിക്കുന്ന കലാവിരുന്ന് അരങ്ങേറും. തവനൂര്‍ നിയോജക മണ്ഡലം നവകേരള സദസ് വൈകീട്ട് മൂന്നിന് എടപ്പാള്‍ സഫാരി പാര്‍ക്കില്‍ നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ ഇവിടെ പൊതുജനങ്ങളില്‍ നിന്നു പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ 2.30 വരെ എടപ്പാള്‍ വിശ്വം നയിക്കുന്ന ഗാനമേള വേദിയില്‍ അരങ്ങേറും.
തിരൂര്‍ നിയോജക മണ്ഡലം നവകേരള സദസ് തിരൂര്‍ ജിബിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ വൈകീട്ട് നാലിന് നടക്കും. പ്രത്യേകം തയാറാക്കിയ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ഒന്ന് മുതല്‍ തന്നെ പരാതികള്‍ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകള്‍ തുറക്കും. ഉച്ചയ്ക്ക് 2.30 ന് അധ്യാപകരുടെ സാംസ്കാരിക കൂട്ടായ്മയായ ജ്വാല അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും. നവകേരള സദസ് പൂര്‍ത്തിയാക്കി വൈകുന്നേരം 6.30 ന് കുമിളകളില്‍ വര്‍ണ വിസ്മയം തീര്‍ക്കുന്ന സഹലിന്റെ ബബിള്‍ ഷോയും ഏഴ് മുതല്‍ അലോഷിയുടെ ഗസല്‍ സന്ധ്യയും അരങ്ങേറും.
താനൂര്‍ നിയോജക മണ്ഡലം നവകേരള സദസ് ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തില്‍ വൈകീട്ട് ആറിന് നടക്കും. വൈകീട്ട് മൂന്നു മുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. നവകേരള സദസ് കഴിഞ്ഞ ശേഷം രാത്രി എട്ടിന് ബിജിപാലിന്റെ സംഗീത നിശയും അരങ്ങേറും. പരാതി സ്വീകരിക്കുന്ന കൗണ്ടറുകള്‍ വൈകീട്ട് മൂന്നിന് തന്നെ തുറക്കും.
28ന് വള്ളിക്കുന്ന് മണ്ഡലം സദസ് രാവിലെ 11ന് കാലിക്കട്ട് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലും തിരൂരങ്ങാടി മണ്ഡലം സദസ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ് വൈകുന്നേരം 4.30ന് സബാഹ് സ്ക്വയറിലും കോട്ടക്കല്‍ മണ്ഡലം സദസ്് വൈകുന്നേരം ആറിന് ആയൂര്‍വേദ കോളജ് ഗ്രൗണ്ടിലും നടക്കും. 29ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ്ബൈന്‍ ഹോട്ടലില്‍ കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കല്‍, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം മണ്ഡലങ്ങളില്‍ നിന്ന് വിവിധ മേഖലകളില്‍ നിന്നു ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പ്രഭാത സദസ് നടക്കും.
തുടര്‍ന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ് രാവിലെ 11ന് മേലങ്ങാടി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കും. മഞ്ചേരി മണ്ഡലം സദസ് വൈകുന്നേരം മൂന്നിന് ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും മങ്കട മണ്ഡലം സദസ് വൈകുന്നേരം 4.30ന് ഗവണ്‍മെന്റ്് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും മലപ്പുറം മണ്ഡലം സദസ് വൈകുന്നേരം ആറിന് എംഎസ്പി എല്‍പി സ്കൂള്‍ ഗ്രൗണ്ടിലും നടക്കും.
30ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ ശിഫ കണ്വന്ഷന് സെന്ററില്‍ മങ്കട, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ മണ്ഡലങ്ങളില്‍ നിന്ന് വിവിധ മേഖലകളില്‍ നിന്നു ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പ്രഭാത സദസ് നടക്കും. തുടര്‍ന്ന് ഏറനാട് മണ്ഡലം നവകേരള സദസ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കും. വൈകുന്നേരം മൂന്നിന് നിലമ്പൂര്‍ മണ്ഡലം സദസ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂര്‍ മണ്ഡലം സദസ് വൈകുന്നേരം 4.30ന് വിഎംസി ഹൈസ്കൂള്‍ ഗ്രൗണ്ടിലും പെരിന്തല്‍മണ്ണ മണ്ഡലം സദസ് വൈകുന്നേരം ആറിന് നെഹ്റു സ്റ്റേഡിയത്തിലും നടക്കും.