ബാലികാപീഡനം: 21കാരന് 40 വര്‍ഷം കഠിന തടവ്
1374115
Tuesday, November 28, 2023 2:15 AM IST
മഞ്ചേരി : പതിമൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത 21കാരന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. മേലാറ്റൂര്‍ മണിയാണിക്കടവ് പാലത്തിനു സമീപം പാണ്ടിമാമൂട് അനല്‍ (21)നെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി പി. രശ്മി ശിക്ഷിച്ചത്.
2022 നവംബര്‍ 13ന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം. രാത്രി വീടിന്റെ കിടപ്പുമുറിയിലെ തറയില്‍ കിടന്നുറങ്ങുകയായരുന്ന ബാലികയെ പ്രതി രണ്ടു തവണ ബലാത്സംഗം ചെയ്തു. പാരിതോഷികമായി പിറ്റേന്ന് കുട്ടിക്ക് പ്രതി 50 രൂപയും നല്‍കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 376(3) പ്രകാരം ബലാത്സംഗം, പോക്സോ ആക്ടിലെ അഞ്ച് (എല്‍) വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഇരുവകുപ്പുകളിലും 20 വര്‍ഷം വീതം കഠിന തടവ്, 20000 രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ.
പിഴയടക്കാത്ത പക്ഷം ഇരു വകുപ്പുകളിലും രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയൊടുക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 19 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലെയ്സണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.