പ്രഭാത സദസില്‍ ആവശ്യങ്ങളുന്നയിച്ചു ജനങ്ങള്‍
1374122
Tuesday, November 28, 2023 2:15 AM IST
തിരൂര്‍: നവകേരള സദസ് രാജ്യത്തിനാകെ മാതൃകയാണെന്നും ജനാധിപത്യ സംവിധാനത്തില്‍ പുതുമയുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നവകേരള സദസിന്റെ ആദ്യദിനത്തില്‍ തിരൂര്‍ ബിയാന്‍ കാസിലില്‍ നടന്ന പ്രഭാതയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പല സര്‍ക്കാരുകളും മീഡിയകളെയും ജനങ്ങളെയും ഭയപ്പെടുന്ന ഇക്കാലത്ത് മന്ത്രിസഭ ഒന്നടങ്കം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വന്നത് മാതൃകാപരമാണെന്നു പ്രഭാതയോഗത്തില്‍ ക്ഷണിതാവായി പങ്കെടുത്ത ജലാല്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ശുഭപ്രതീക്ഷയാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്.
42 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ജില്ലയെ വിഭജിക്കണം. കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ഇതുമൂലം കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതു പരിശോധിക്കേണ്ട കാര്യമാണെന്നും ജില്ല, താലൂക്കുകള്‍ എന്നിവ വിഭജിക്കുക എന്നത് പെട്ടെന്ന് നടത്താന്‍ സാധിക്കുന്ന കാര്യമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
വെറ്റിലയെയും കൃഷിയില്‍ ഉള്‍പ്പെടുത്തണമെന്നു വെറ്റില കര്‍ഷകനായ അബ്ദുള്‍ ഹമീദ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. വെറ്റില കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും തിരൂര്‍ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചത് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും വിള ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വെറ്റിലയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭ സമയത്ത് വെറ്റിലയ്ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് തുക ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.തിരൂര്‍, തിരൂരങ്ങാടി താലൂക്ക് വിഭജിച്ച് താനൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് റിട്ട. പ്രഫസറായ ബാബു അഭ്യഥിച്ചു. കായിക മേഖലയ്ക്ക് ജില്ലയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണം. താനൂരില്‍ സ്പോര്‍ട്സ് അക്കാഡമി, ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
താനൂര്‍ മോര്യകാപ്പില്‍ ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയാണെന്നും ഇതു തടയാന്‍ പൂരപ്പുഴയില്‍ റഗുലേറ്റര്‍ സ്ഥാപിക്കണമെന്നും താനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക അഭിപ്രായപ്പെട്ടു.
കനോലികനാല്‍ മലിനമാണ്. അത് ശുചീകരിച്ച് ടൂറിസത്തിന് ഉപയോഗിക്കണം. താനൂര്‍ അംബേദ്കര്‍ എസ്.സി കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കണം. ഇക്കാര്യമെല്ലാം പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.
പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും വിമാനകമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും പ്രവാസിയായ മടപ്പാട് അബൂബക്കര്‍ മുഖ്യമന്ത്രിയോടഭ്യര്‍ഥിച്ചു. കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും നിര്‍ഭാഗ്യവശാല്‍ അത് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി.
അശരണര്‍ക്കും രോഗികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പിന്തുണ വളരെ വലുതാണെന്ന് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ രമേശ് മേനോന് പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച തന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത് സര്‍ക്കാര്‍ നല്കിയ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.