‘ജില്ലയില്‍ 5987 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പാക്കും’
1374488
Wednesday, November 29, 2023 8:25 AM IST
കോട്ടക്കല്‍: നവകേരള സദസിനെതിരേ അപവാദങ്ങളും വിവാദങ്ങളും പ്രചരിപ്പിക്കുന്നതിന് കോട്ടക്കല്‍ ആര്യവൈദ്യശാലയില്പ്പോലും മരുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കോട്ടക്കല്‍ ആയുര്‍വേദ കോളജ് മൈതാനത്ത് നടന്ന കോട്ടക്കല്‍ മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാനും നാടിന്റെ വികസനം സംബന്ധിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്താനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഇതു മനസിലാക്കാതെയാണ് പരിപാടി ബഹിഷ്കരിക്കുന്നവരുടെ പ്രവര്‍ത്തനം.
രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തുന്നത്. മലപ്പുറം ജില്ലയില്‍ 5987 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. കോട്ടക്കലില്‍ 256 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ജല്‍ ജീവന് മിഷന് വഴി എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.