പുലാമന്തോളില്‍ കേര ഗ്രാമം പദ്ധതി
1374680
Thursday, November 30, 2023 7:16 AM IST
പാലൂര് : കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം രണ്ടാം വര്‍ഷ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ കേരകര്‍ഷകര്‍ക്കു മുതല്‍ക്കൂട്ടാകുന്ന പദ്ധതിയുടെ കീഴില്‍ നാലുഘടകങ്ങളാണ് വിതരണം ചെയുന്നത്.
മണ്ണിന്റെ അമ്ലത്വം കുറക്കാന്‍ സഹായിക്കുന്ന കുമ്മായം (അരകിലോ വീതം ഒരു തെങ്ങിന്) തെങ്ങിന്റെ വളര്‍ച്ചക്കും കീടാരോഗബാധക്കെതിരായുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്ന പൊട്ടാഷ്(ഒരു കിലോ വീതം ഒരു തെങ്ങിന്), മച്ചിങ്ങ പൊഴിച്ചില്‍ തടയാനും തേങ്ങ ശരിയായ ആകൃതിയും വലിപ്പവും ലഭിക്കാനുതകുന്ന ബോറോണ്‍ (30 ഗ്രാം വീതം ഒരു തെങ്ങിന്) ചെമ്പഞ്ചെല്ലിക്കെതിരായ ഫിപ്രോണില്‍ (20 ഗ്രാം വീതം തെങ്ങിന്റെ മണ്ടയില്‍) എന്നിവയാണ് പദ്ധതിയുടെ കീഴില്‍ വിതരണം ചെയുന്നത്.
പദ്ധതിയുടെ വിതരണോദ്ഘാടനം പാലൂര് കൃഷിഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ഹാജറ കളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വിതരണം ചെയുന്ന ഓരോ ഘടകത്തിന്റെയും പ്രാധാന്യവും അത് പ്രയോഗിക്കുന്ന രീതിയും വിശദീകരിച്ചു. കേരഗ്രാമം കണ്‍വീനര്‍മാര്‍, കേരകര്‍ഷകര്‍, കൃഷിഭവന് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.