ഡോക്ടര്‍മാരുടെ സ്ഥലം മാറ്റം: താക്കീതായി ജനകീയ മാര്‍ച്ച്
1374684
Thursday, November 30, 2023 7:16 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നു ജനറല്‍ ആശുപത്രിക്ക് കീഴിലുള്ള 12 ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതിനെതിരേ യുഡിഎഫ് മഞ്ചേരി മുനിസില്‍ കമ്മിറ്റി ആശുപത്രിയിലേക്ക് ജനകീയ മാര്‍ച്ച് നടത്തി.
മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ആശുപത്രി കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. സര്‍ക്കാര്‍ നടപടി തിരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും രോഗികളെ പ്രയാസപ്പെടുത്തുന്ന നടപടി അംഗീകരിക്കില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പല്‍ ചെയര്മാന് ഹനീഫ മേച്ചേരി അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി, മണ്ഡലം യുഡിഎഫ് ചെയര്മാന് റഷീദ് പറമ്പന്‍, യുഡിഎഫ് നേതാക്കളായ കണ്ണിയന്‍ അബൂബക്കര്‍, ഹുസൈന് വല്ലാഞ്ചിറ, പി.എച്ച്. ഷമീം, വി.എം. സുബൈദ, വി.പി. ഫിറോസ്, കെ.കെ.ബി. മുഹമ്മദലി, അഡ്വ. ബീനാ ജോസഫ്, കബീര്‍ നെല്ലിക്കുത്ത്, സക്കീര്‍ വല്ലാഞ്ചിറ, എ.പി. മജീദ് മാസ്റ്റര്‍, സി. സക്കീന, ടി.പി. വിജയകുമാര്‍, പി. ഷംസുദീന്‍, മുനിസിപ്പല്‍ സ്ഥിരം സമിതി അധ്യക്ഷന്‍ യാഷിക് മേച്ചേരി, ജനറല്‍ സെക്രട്ടറി ബാവ കൊടക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രണ്ട് ഡോക്ടര്‍മാരെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നു ജനറല്‍ ആശുപത്രിക്ക് കീഴിലുള്ള രണ്ട് ഡോക്ടര്‍മാരെ സ്ഥലം മാറ്റിയ ഉത്തരവ് ആരോഗ്യവകുപ്പ് റദ്ദാക്കി.
അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് അത്യാഹിത സേവനത്തിനായി നിയോഗിച്ച പിഎംആര്‍ വിഭാഗം അസിസ്റ്റന്റ് സര്ജന് ഡോ. മുഹമ്മദ് ഫൈസല്‍, കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ശിശുരോഗ വിഭാഗം അസിസ്റ്റന്റ് സര്ജന് ഡോ. മുഹമ്മദ് ഷരീഫ് തേനത്ത് എന്നിവരെ സ്ഥലം മാറ്റിയ ഉത്തരവാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്. രേണുക റദ്ദാക്കിയത്. വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ 12 പേരെ കൊണ്ടോട്ടി, മലപ്പുറം, അരീക്കോട് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഡോക്ടര്‍മാരുടെ സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും അടക്കം ഇതിനെതിരേവ്യാപക പ്രതിഷേധം ഉയര്‍ത്തി.
ഡോ. മുഹമ്മദ് ഫൈസല്‍ നഗരസഭ ആരോഗ്യവിഭാഗം പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥന് കൂടിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഡയാലിസിസ് രോഗികള്‍ക്കുള്ള കിറ്റ് വിതരണം, അയവയം മാറ്റിവച്ചവര്‍ക്കുള്ള മരുന്ന്, പരിരക്ഷ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സംവിധാനം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കേണ്ടിയിരുന്നത്. ഡോക്ടറെ സ്ഥലം മാറ്റിയാല്‍ പദ്ധതി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനും കത്ത് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവ് മരവിപ്പിച്ചത്. ഡോ. മുഹമ്മദ് ഷരീഫ് തേനത്ത് പി.പി. യൂണിറ്റിന്റെ ചുമതല വഹിച്ചിരുന്നു.