സര്‍ക്കാര്‍ നടപ്പാക്കുന്നത് കേരളത്തെ ഒന്നായി കണ്ടുള്ള വികസനം: മുഖ്യമന്ത്രി
1374686
Thursday, November 30, 2023 7:17 AM IST
കൊണ്ടോട്ടി: കേരളത്തെ ഒന്നായി കണ്ടുള്ള വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും യാതൊരു പക്ഷപാതവുമില്ലാതെയാണ് അവ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഇച്ഛാശക്തിയുള്ള ജനത കൂടെയുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും അതിജീവിച്ച് ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. മേലങ്ങാടി ജിവിഎച്ച്എസ്എസ് മൈതാനത്ത് സംഘടിപ്പിച്ച കൊണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏറ്റവുമധികം വിവേചനത്തിന് ഇരയാകുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങളുടെ അവകാശമാണ് കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നത്. നിരവധി നേട്ടങ്ങള്‍ കേരളം കൈവരിച്ചെങ്കിലും ഇനിയും മുന്നേറാനുണ്ട്. മലപ്പുറത്ത് പെണ്‍കുട്ടികളുടെ ഉയര്‍ച്ചയും അക്കാഡമിക് മികവും ശ്രദ്ധേയമാണ്. കോട്ടക്കലിലെ ഒരു പ്രഫഷണല്‍ കോളജില്‍ പഠിക്കുന്ന 400 പേരില്‍ 350 പേരും പെണ്‍കുട്ടികളാണ്. വലിയ മാറ്റമാണിന്ന് അക്കാഡമിക് തലത്തില്‍ കൂടുതല്‍ മാറ്റമുണ്ടാകുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ അക്കാഡമിക് തലത്തില്‍, കുട്ടികള്‍ അറിയേണ്ട കാര്യങ്ങള്‍ അറിയിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കേരളം അംഗീകരിച്ചില്ല.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ കാര്യങ്ങളില്‍ സംസ്ഥാനത്തെ സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ തികച്ചും നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയാണ്. യുജിസി നടപ്പാക്കിയ ശമ്പള പരിഷ്കരണം കേരളത്തില്‍ നടപ്പാക്കിയപ്പോള്‍ കേരളം ചെലവഴിച്ച തുക പോലും കേന്ദ്രം നല്‍കുന്നില്ല. 750 കോടി രൂപയാണ് ഈയിനത്തില്‍ ലഭിക്കാനുള്ളത്.കേന്ദ്ര സമീപനം നാടിനെ മുന്നോട്ടു നയിക്കാന്‍ സഹായകരമല്ല. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് നവകേരള സദസ് സംഘടിപ്പിച്ചത്. ഈ സദസ് ബഹിഷ്കരിക്കുന്നവര്‍ നാടിന്റെ താത്പര്യത്തെയാണ് എതിര്‍ക്കുന്നത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പുള്ളവര്‍ക്ക് ഈ വേദിയില്‍ തന്നെ വിമര്‍ശിക്കാം. വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ടെങ്കില്‍ ജനാധിപത്യ രീതിയില്‍ മറുപടി നല്‍കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്ചാലിയാര് പുഴയില്‍ വീണ് അപകടത്തില്‍പ്പെട്ട മൂന്നു പേരുടെ ജീവന് രക്ഷിച്ച അനില്‍കുമാറിന് മുഖ്യമന്ത്രി ഉപഹാരം നല്കി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ഹനാന് വരച്ച ചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
മന്ത്രിമാരായ കെ. രാധാകൃഷ്ണന്, ജി.ആര്. അനില്‍, വി. അബ്ദുറഹിമാന് എന്നിവര്‍ പ്രസംഗിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, കെ. രാജന്, കെ. കൃഷ്ണന്‍കുട്ടി, ആന്റണിരാജു, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാന്, പി. രാജീവ്, റോഷി അഗസ്റ്റിന്, വീണാജോര്‍ജ്, ഡോ. ആര്. ബിന്ദു, എം.ബി. രാജേഷ്, പി.പ്രസാദ്, അഹമ്മദ് ദേവര്‍ കോവില്‍, ജെ. ചിഞ്ചുറാണി, കെ.എന്‍. ബാലഗോപാല്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുത്തു.