ജില്ലാ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു
1376028
Tuesday, December 5, 2023 6:52 AM IST
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ഗവണ്മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായി നടക്കുന്ന 34ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ നിര്‍വഹിച്ചു. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവന്‍കുട്ടി വാര്യര്‍ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് കലോത്സവ സന്ദേശം കൈാറി. കോട്ടയ്ക്കല്‍ നഗരസഭ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ഡോ. കെ. ഹനീഷ ആമുഖ ഭാഷണം നടത്തി. മൂന്നിനാരംഭിച്ച കലോത്സലം എട്ടുവരെ നീണ്ടുനില്‍ക്കും.
ജില്ലയിലെ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി ആറായിരത്തോളം കലാപ്രതിഭകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ നസീബ അസീസ് മയ്യേരി, സറീന ഹസീബ്, എന്‍.എ കരീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി അബ്ദുറഹ്മാന്, ബഷീര്‍ രണ്ടത്താണി, നഗരസഭാ കൗണ്‍സിലര്‍മാരായ സനില പ്രവീണ്‍, ടി. കബീര്‍, എടരിക്കോട് ഗ്രാമപഞ്ചായത്ത് മെംബര്‍ സി.ടി. അഷ്റഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ്കുമാര്‍, മലപ്പുറം ഡിവൈഎസ്പി പി. അബ്ദുള്‍ ബഷീര്‍, ആര്‍ഡിഡി ഡോ. പി.എം. അനില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡോ. സലീമുദ്ദീന്‍, ജില്ലാ ഐടി കോഓർഡിനേറ്റര്‍ ടി.കെ. അബ്ദുറഷീദ്, വിദ്യാകിരണം ജില്ലാ കോഓര്‍ഡിനേറ്റര്‍ സുരേഷ് കൊളശേരി, ഡിഇഒ പി.പി. റുഖിയ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഊട്ടുപുര ഒരുങ്ങി
കോട്ടയ്ക്കല്‍: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിനെത്തുന്നവര്‍ക്ക് ഊര്‍ജം പകരാന്‍ പ്രധാന വേദിയായ ഗവണ്മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഭക്ഷണ പന്തലൊരുങ്ങി. ജില്ലാ കളക്ടര്‍ വി.ആര് വിനോദ്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവന്‍കുട്ടി വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് പാലുകാച്ചല്‍ നടത്തി ഭക്ഷണശാല ഉദ്ഘാടനം ചെയ്തു.
മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഇനിയുള്ള രാപ്പകലുകള്‍ക്ക് ഭക്ഷണമൊരുക്കുന്നത് ഈ ഊട്ടുപുരയില്‍ നിന്നായിരിക്കും.

കോങ്ങാട് വിനോദ് സാമിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ശരാശരി 7000 പേര്‍ക്ക് ഓരോ സമയവും ഭക്ഷണമൊരുക്കുന്നത്. ഒരേസമയം 1200 ലധികം പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യമാണ് പന്തലില്‍ ഒരുക്കിയിട്ടുള്ളത്. പായസവും മറ്റു വിഭവങ്ങളുമായി ഉച്ചയൂണും രാത്രി ഭക്ഷണവും ഉള്‍പ്പെടെ ഒരു ദിവസം ശരാശരി 30,000ത്തോളം പേര് ഭക്ഷണം കഴിക്കാനെത്തുമെന്നാണ് കോട്ടക്കല്‍ നഗരസഭാ കൗണ്‍സിലറും ഭക്ഷണ കമ്മിറ്റി ചെയര്‍മാനുമായ ടി. കബീറും സംഘവും പ്രതീക്ഷിക്കുന്നത്.
കേരള നടനത്തില്‍ ഒറ്റയാള്‍ പോരാട്ടം
കോട്ടയ്ക്കല്‍: തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ സമാപിച്ച ഹൈസ്കൂള്‍ വിഭാഗം കേരളനടനം (ആണ്‍കുട്ടികള്‍) മത്സരത്തില്‍ ഇത്തവണയും ഒറ്റയാള്‍ പേരാട്ടം.

ഹൈസ്കൂള്‍ വിഭാഗം കേരള നടനം മത്സരത്തിലാണ് ഏക മത്സരാര്‍ഥി മേലാറ്റൂര്‍ ആര്‍എംഎച്ച്എസ്എസിലെ ഒന്‍പതാംക്ലാസ് വിദ്യര്‍ഥി കെ. യദുകൃഷ്ണന് സംസ്ഥാന മത്സരത്തിലേക്ക് അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷവും ജില്ലാതലത്തില്‍ യദുകൃഷ്ണ തനിച്ചായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.
ഈ വര്‍ഷവും ചെറിയച്ഛന്റെ ശിക്ഷണത്തില്‍ തന്നെയാണ് യദുകൃഷ്ണ അരങ്ങിലെത്തിയത്. അഞ്ചാംക്ലാസ് പഠന കാലത്താണ് യദുകൃഷ്ണ കേരളനടനത്തില്‍ പരിശീലനം നേടുന്നത്. ചെറിയച്ഛനും നൃത്താധ്യാപകനുമായ കളരിക്കല്‍ മുരളീധരന്റെ (മുരളി കീഴാറ്റൂര്‍) കീഴിലാണ് പഠനം.
സ്വാഗതഗാനം ആലപിച്ച് അധ്യാപകര്‍
കോട്ടയ്ക്കല്‍: ജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടന വേദിയെ തൊട്ടുണര്‍ത്തി 34 അധ്യാപകര്‍ ചേര്‍ന്നവതരിപ്പിച്ച സ്വാഗതഗാനം ശ്രദ്ധേയമായി. അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വാഗതഗാനം രചിച്ചത് മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ ഉഷകാരാട്ടിലാണ്.

വിദ്യാരംഗം ജില്ലാ സാഹിത്യോത്സവത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ മൗനത്തിന്റെ നിഘണ്ടു എന്ന കവിതാ സമാഹാരത്തിലെ ഒരു ഭാഗമാണ് സ്വാഗതഗാനമായി ഇന്നലെ അവതരിപ്പിച്ചത്.
നാദം... ഗണനാദം.. എന്നാരംഭിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവുകൂടിയായ കോട്ടക്കല്‍ മുരളിയാണ്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 34 അധ്യാപകരാണ് സ്വാഗതഗാനം ആലപിച്ചത്. അധ്യാപകരായ ഫാരിസ ഹുസൈന്, ദേവി, പ്രണവ് എന്നിവരാണ് സംഘത്തെ നയിച്ചത്.
യുപിയിലും ഹയര്‍ സെക്കൻഡറിയിലും മങ്കട മുന്നില്‍ , ഹൈസ്കൂളില്‍ വേങ്ങര
കോട്ടയ്ക്കല്‍: ജില്ലാ കലോത്സവത്തിന്റെ രണ്ടാംദിനം പിന്നിട്ടപ്പോള്‍ ഹയര്‍ സെക്കഡറി ജനറല്‍ വിഭാഗത്തില്‍ 133 പോയിന്റുമായി മങ്കട സബ്ജില്ല മുന്നിട്ടു നില്ക്കുന്നു.ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 93 പോയിന്റ് നേടി വേങ്ങര സബ്ജില്ലയാണ് മുന്നില്‍.
ഹൈസ്കൂള്‍ അറബിക് കലോത്സവത്തില്‍ ഏഴ് ഉപജില്ലകള്‍ 35 പോയിന്റ് വീതം നേടി മുന്നില്‍ നില്ക്കുന്നു. ഹൈസ്കൂള്‍ സംസ്കൃത കലോത്സവത്തില്‍ നാല് ഉപജില്ലകള്‍ 25 പോയിന്റ് വീതം നേടി ലീഡ് ചെയ്യുന്നു. യുപി ജനറല്‍ വിഭാഗത്തില്‍ 55 പോയിന്റ് നേടി മങ്കട സബ് ജില്ലയാണ് മുന്നില്‍. യുപി വിഭാഗം അറബിക് കലോത്സവത്തില്‍ 20 പോയിന്റ് നേടി പത്ത് ഉപജില്ലകള്‍ ലീഡ് ചെയ്യുന്നു. യുപി സംസ്കൃതം കലോത്സവത്തില്‍ 40 പോയിന്റുകളുമായി നാല് ഉപജില്ലകള്‍ മുന്നിട്ടു നില്ക്കുന്നു.
കലോത്സവ വേദിയില്‍ ഇന്ന്
വേദി 1:തിരുവാതിര (യുപി), തിരുവാതിര (എച്ച്എസ്എസ്), തിരുവാതിര (എച്ച്എസ്).
വേദി 2:വട്ടപ്പാട്ട് (എച്ച്എസ്എസ്), വട്ടപ്പാട്ട് (എച്ച്എസ്).
വേദി 3:നാടകം (യുപി).
വേദി 4: അറബനമുട്ട് (എച്ച്എസ്), അറബനമുട്ട് (എച്ച്എസ്എസ്).
വേദി 5: മദ്ദളം (എച്ച്എസ്), മദ്ദളം (എച്ച്എസ്എസ്) , പഞ്ചവാദ്യം (എച്ച്എസ്), പഞ്ചവാദ്യം(എച്ച്എസ്എസ്), ചെണ്ട (എച്ച്എസ്), ചെണ്ട (എച്ച്എസ്എസ്), ചെണ്ടമേളം (എച്ച്എസ്), ചെണ്ടമേളം(എച്ച്എസ്എസ്).
വേദി 6: ചവിട്ടുനാടകം (എച്ച്എസ്), ചവിട്ടുനാടകം (എച്ച്എസ്എസ്).
വേദി 7: ഭരതനാട്യം (എച്ച്എസ് ആണ്‍കുട്ടികള്‍), ഭരതനാട്യം (എച്ച്എസ്എസ് ആണ്‍കുട്ടികള്‍)ഭരതനാട്യം (യുപി), ഭരതനാട്യം (എച്ച്എസ്എസ് പെണ്‍കുട്ടികള്‍).
വേദി 8: ദേശഭക്തിഗാനം (യുപി), ദേശഭക്തിഗാനം(എച്ച്എസ്), സംഘഗാനം (യുപി) ദേശഭക്തിഗാനം(എച്ച്എസ്എസ്).
വേദി 9: പദ്യം (മലയാളം യുപി), പദ്യം (മലയാളം എച്ച്എസ്), പദ്യം (മലയാളം എച്ച്എസ്എസ്) പ്രസംഗം (മലയാളം യുപി), പ്രസംഗം (മലയാളം എച്ച്എസ്), പ്രസംഗം (മലയാളം എച്ച്എസ്എസ്).
വേദി 10: മൃദംഗം (എച്ച്എസ്എസ്), മൃദംഗം (എച്ച്എസ്), തബല (എച്ച്എസ്എസ്),തബല (എച്ച്എസ്), ട്രിപ്പിള്‍ ജാസ് (എച്ച്എസ്എസ്).
വേദി 11: മാപ്പിളപ്പാട്ട് (യുപി), മാപ്പിളപ്പാട്ട് (പെണ്‍കുട്ടികള്‍ എച്ച്എസ്എസ്), മാപ്പിളപ്പാട്ട് (ആണ്‍കുട്ടികള്‍ എച്ച്എസ്എസ്), മാപ്പിളപ്പാട്ട് (ആണ്‍കുട്ടികള്‍ എച്ച്എസ്).
വേദി 12: അറബിക് മോണോ ആക്ട് (യുപി), അറബിക് മോണോ ആക്ട് (എച്ച്എസ്), അറബി ഗാനം (ആണ്‍കുട്ടികള്‍ എച്ച്എസ്), അറബി ഗാനം (പെണ്‍കുട്ടികള്‍ എച്ച്എസ്), അറബി കഥാപ്രസംഗം (എച്ച്എസ്).
വേദി 13: ഖുറാന് പരായണം (യുപി), ഖുറാന് പരായണം (എച്ച്എസ്), പ്രസംഗം (അറബി യുപി), പ്രസംഗം (അറബി എച്ച്എസ്), പ്രസംഗം (അറബി എച്ച്എസ്എസ്).
വേദി 14: പദ്യം (ഹിന്ദി യുപി), പദ്യം (ഹിന്ദി എച്ച്എസ്), പദ്യം (ഹിന്ദി എച്ച്എസ്എസ്), പ്രസംഗം (ഹിന്ദി യുപി), പ്രസംഗം (ഹിന്ദി എച്ച്എസ്), പ്രസംഗം (ഹിന്ദി എച്ച്എസ്എസ്).
വേദി 15: അഷ്ടപദി (സംസ്കൃതം, ആണ്‍കുട്ടികള്‍ എച്ച്എസ്), അഷ്ടപദി (സംസ്കൃതം, പെണ്‍കുട്ടികള്‍ എച്ച്എസ്), അക്ഷരശ്ലോകം (സംസ്കൃതം, യുപി)അക്ഷരശ്ലോകം (സംസ്കൃതം, എച്ച്എസ്).