കോക്കൂര്‍ സ്കൂളില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
1376950
Saturday, December 9, 2023 1:23 AM IST
മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോക്കൂര്‍ എഎച്ച്എം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പി. നന്ദകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സ്ക്കൂള് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീര്‍ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ വായനാ ശീലവും സര്‍ഗശേഷിയും ഉയര്‍ത്തുന്നതിന്റെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 50,000 രൂപയുടെ പുസ്തകങ്ങളും എംഎല്‍എ പ്രധാനാധ്യാപകന് കൈമാറി. വിദ്യാകിരണം ജില്ലാ കോഓര്‍ഡിനേറ്റര്‍ സുരേഷ് കൊളശേരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന് മുക്കുളത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം ആരിഫ നാസര്‍, ആലങ്കോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ പ്രകാശൻ, സ്കൂള്‍ സംരക്ഷണ സമിതി ചെയര്മാന് അഷറഫ് കോക്കൂർ, സീനിയര്‍ അസിസ്റ്റന്റ പി.ഷൈന, പി.വിജയന്, പി.എസ് കൃഷ്ണൻ, സ്കൂള്‍ പ്രിന്‍സിപ്പല്‍ വി. സ്മിത, പ്രധാനാധ്യാപകന് കെ. അനില്‍കുമാർ, ജനപ്രതിനിധികൾ, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ ചടങ്ങില്‍ പങ്കെടുത്തു.
1.67 കോടി ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ സയന്‍സ് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം, 32 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ക്ലാസുമുറിയുടെയും ശുചിമുറിയുടെയും ഉദ്ഘാടനം, പ്രീപ്രൈമറി കുട്ടികള്‍ക്കായി 10 ലക്ഷം വകയിരുത്തി നിര്‍മിച്ച വര്‍ണക്കൂടാരം, ഹൈസ്കൂളിനായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം എന്നിവയാണ് ചടങ്ങില്‍ നിര്‍വഹിച്ചത്.
തടാകവും പാലവും ഉള്‍പ്പെടുന്ന ഉദ്യാനം, കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കാന്‍ ഉപകരിക്കുന്ന അകംപുറം കളിയിടങ്ങൾ, പണിത് പൂര്‍ത്തിയാക്കിയ പാര്‍ക്ക്. പാര്‍ക്കില്‍ മനോഹരമായ മൃഗങ്ങളുടെ ശില്പങ്ങൾ, തടാകം, വെള്ളച്ചാട്ട മാതൃക ഉള്‍പ്പെടെ മനോഹരമായ കാഴ്ചകളാണ് അറിഞ്ഞും രസിച്ചും പഠിക്കാന്‍ കുരുന്നുകള്‍ക്ക് ഇവിടെ ഒരുക്കിയിട്ടുള്ളത്.
കുട്ടികള്‍ക്ക് പഠനത്തോടൊപ്പം മാനസിക ഉല്ലാസം എന്ന ലക്ഷ്യത്തോടെയാണ പ്രീ പ്രൈമറി കുട്ടികള്‍ക്കായി കോക്കൂര്‍ ഗവ. എഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വര്‍ണക്കൂടാരത്തില്‍ ഒരുക്കിയിരിക്കുന്നത്. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.