പാലക്കയത്ത് ആദിവാസി മൂപ്പന്റെ വീടിനുനേരേ കാട്ടാനയുടെ പരാക്രമം
1535376
Saturday, March 22, 2025 5:35 AM IST
നിലന്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിലെ പന്തീരായിരം വനമേഖലയിൽ പാലക്കയം പ്രദേശത്ത് ദിവസങ്ങളായി കാട്ടാനയുടെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രി പാലക്കയം ഊരുമൂപ്പനും ചാലിയാർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പാലക്കയം കൃഷ്ണൻകുട്ടിയുടെ വീടിന് മുന്നിലേക്കാണ് കാട്ടാന എത്തിയത്. കൃഷിയിടവും നശിപ്പിച്ചു.
ആക്രമണകാരിയായ മേഴയാനയാണ് വീട്ടുമുറ്റത്തെത്തിയതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. തെങ്ങും കമുകും വാഴയും ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. വളർത്തുനായയെ ഓടിച്ച്, ആന വീടിന്റെ ഉമ്മറപ്പടിയിലേക്ക് കയറുകയായിരുന്നു.
കാലിന് പരിക്കേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൃഷ്ണൻകുട്ടി. ഭാര്യ കല്യാണിയും കൃഷ്ണൻകുട്ടിയും ബഹളം വച്ചതോടെയാണ് കാട്ടാന പിന്തിരിഞ്ഞത്. പ്ലാന്റേഷൻ കോർപറേഷന്റെ പുതിയ റബർ തൈകളും മറ്റു സ്വകാര്യവ്യക്തികളുടെ കൃഷിയിടവും ആന നശിപ്പിച്ചു.
ദിവസങ്ങളായി ആന പ്രദേശത്ത് നിലയുറപ്പിച്ച് പ്ലാവുകളിലെ ചക്ക ഭക്ഷിക്കുകയാണ്. ഊരിലെ പ്ലാവും മാവും മുറിക്കുവാൻ വനം വകുപ്പിന്റെ അനുവാദം ചോദിച്ചിട്ടും വനാവകാശപ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ മരം മുറിക്കുവാൻ അനുമതി നൽകിയിട്ടില്ലെന്ന പരാതിയും ഇവിടെ നിലനിൽക്കുന്നുണ്ട്. ചക്ക ആകർഷിച്ചാണ് ആന കൃഷിയിടത്തിലേക്ക് എത്തുന്നതെന്ന് കൃഷ്ണൻകുട്ടി പറയുന്നു.