ലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു; 18 പേർക്ക് പരിക്ക്
1543051
Wednesday, April 16, 2025 8:00 AM IST
പാണ്ടിക്കാട്: ടൗണിൽ വൻ വാഹനാപകടം. ചരക്കുലോറി, ട്രാവലർ വാനിലിലും കാറിലും നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ച് 18 പേർക്ക്് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നരയോടെ പാണ്ടിക്കാട് ജംഗ്ഷനിലാണ് അപകടം.
മേലാറ്റൂർ ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിലന്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലറിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ഇടിച്ച് തകർത്ത് ലോറി കടയിലേക്ക് പാഞ്ഞു കയറുകയും ട്രാവലർ വാൻ കാറിൽ ഇടിക്കുകയും ചെയ്തു.
ലോറിക്കടിയിൽ പെട്ട ഓട്ടോറിക്ഷയിൽ ഡ്രൈവർ ഏറെ നേരം കുടുങ്ങി കിടന്നു. പിന്നീട് മഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് മുടിക്കോട് സ്വദേശിയായ ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ വാനിലാണ് ലോറി ഇടിച്ചത്. ട്രാവലറിലെ യാത്രക്കാരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാർ, പാണ്ടിക്കാട് പോലീസ്, ട്രോമാകെയർ, പോലീസ് വോളണ്ടിയർമാർ, സിവിൽ ഡിഫൻസ് ഫോഴ്സ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അതേസമയം ലോറിയുടെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നും ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യാ ശ്രമത്തിന് കേസെടുക്കണമെന്നും ദൃക്സാക്ഷികൾ പറഞ്ഞു.