ദുരന്തബാധിതർക്ക് ഫിലോകാലിയ ഫൗണ്ടേഷൻ നിർമിച്ച വീടുകൾ കൈമാറി
1549434
Saturday, May 10, 2025 5:38 AM IST
പുൽപ്പള്ളി: പുഞ്ചരിമട്ടം ഉരുൾ ദുരന്ത ബാധിതർക്ക് ഫിലോകാലിയ ഫൗണ്ടേഷൻ രണ്ടാം ഘട്ടത്തിൽ നിർമിച്ച 11 വീടുകളുടെ താക്കോൽദാനവും 21 വീടുകളുടെ രേഖ കൈമാറ്റവും സീതാമൗണ്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
ഫൗണ്ടേഷന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പരിമിതികൾ മറികടന്ന് മനോഹര ഭവനങ്ങളാണ് ഫൗണ്ടേഷൻ ദുരന്തബാധിതർക്ക് നിർമിച്ചത്. ഫൗണ്ടേഷന്റെ പ്രവർത്തനം മറ്റു പ്രസ്ഥാനങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ മാരിയോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി. മുഹമ്മദ്, റെജി ഓലിക്കരോട്ട്, ഫാ.കെ.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഉരുൾ ദുരന്തബാധിതർക്ക് ജില്ലയിൽ ആദ്യം വീടുകൾ നിർമിച്ച് കൈമാറിയത് ഫിലോകാലിയ ഫൗണ്ടേഷനാണ്. കൂട് പദ്ധതിയിൽ 100 ദിവസംകൊണ്ടാണ് ഭവന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. സീതാമൗണ്ടിൽ 13 ഉം പെരിക്കല്ലൂരിൽ നാലും അന്പലവയലിൽ മൂന്നും ജില്ലയിൽ മറ്റിടങ്ങളിൽ നാലും വീടുകളാണ് ഫൗണ്ടേഷൻ നിർമിച്ചു നൽകുന്നത്.