പാതിവില തട്ടിപ്പ്: വയനാട്ടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ദഗതി
1549435
Saturday, May 10, 2025 5:38 AM IST
കൽപ്പറ്റ: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട്ടിൽ ക്രൈംബ്രാഞ്ചിന് കൈമാറിയ കേസുകളിൽ അന്വേഷണത്തിന് മന്ദ്രഗതി. പകുതിവിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിന് ജില്ലയിൽ രജിസ്റ്റർ ചെയത് എട്ട് എഫ്ഐആറുകളിൽ നാലെണ്ണമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടത്. 31 പരാതികൾ അടങ്ങുന്നതാണ് ഓരോ പ്രഥമ വിവര റിപ്പോർട്ടും. മാസങ്ങൾ കഴിഞ്ഞിട്ടും പരാതിക്കാരിൽ കുറച്ചുപേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് എടുത്തത്.
ജില്ലയിൽ പാതിവില ഇടപാടിൽ സന്നദ്ധ സംഘടനകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ മുഖേന 1,100ൽപരം വ്യക്തികളിൽനിന്നു അഞ്ച് കോടിയിൽപരം രൂപ തട്ടിയെടുത്തെന്നാണ് ജ്വാല സമരസമിതി ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.
വിമൻ ഓണ് വീൽസ് പദ്ധതിയിൽ പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് 780 ആളുകളിൽനിന്നു 4.29 കോടി രൂപയും ഗൃഹോപകരണങ്ങൾ വാഗ്ദാനം ചെയ്ത 90 പേരിൽനിന്നു 16.18 ലക്ഷം രൂപയും ലാപ്ടോപ് ലഭ്യമാക്കുമെന്നു പറഞ്ഞ് 55 വിദ്യാർഥികളിൽനിന്നു 16.98 ലക്ഷം രൂപയുമാണ് തട്ടിയെടുത്തതെന്ന് ജ്വാല സമര സമിതി ഭാരവാഹികളായ നാസിർ പാലൂർ, ജോയ്സി ജോണ്, സിബി മണ്ടാട്, അനീറ്റ് ബൈജു, വിസ്മയ സജി, ജസീല സാജിർ, പി.ടി. ഹമീദ് എന്നിവർ പറഞ്ഞു.
കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന മുഖേന സ്കൂട്ടറിനും മറ്റും പണം നൽകി തട്ടിപ്പിന് ഇരകളായവർ രൂപീകരിച്ചതാണ് ജ്വാല സമര സമിതി. കൽപ്പറ്റയിലെ സന്നദ്ധ സംഘടന മുഖേന 630 പേരാണ് തട്ടിപ്പിന് ഇരകളായത്. ഇവരിൽപ്പെട്ട 23 പേരിൽനിന്നാണ് ക്രൈംബ്രാഞ്ച് ഇതിനകം മൊഴിയെടുത്തത്.
നഷ്ടപ്പെട്ട പണം തിരികെ ലഭ്യമാക്കണമെന്ന ആവശ്യവുമായി ജ്വാല സമര സമിതി അധികാരികൾക്ക് പരാതി നൽകുകയും കളക്ടറേറ്റ് മാർച്ച് ഉൾപ്പെടെ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി നാളെ രാവിലെ 10ന് മുണ്ടേരിയിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് സമര സമിതി ഭാരവാഹികൾ പറഞ്ഞു. സംഗമം ഉദ്ഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കും.
പണം കൈപ്പറ്റിയ എൻജിഒകളും അക്ഷയ കേന്ദ്രം നടത്തിപ്പുകാരും ഓരോ വ്യക്തിയും അടച്ച പണത്തിന്റെയും ഈ തുക കൈമാറ്റം ചെയ്ത അക്കൗണ്ടുകളുടെയും വിശദവിവരം പ്രസിദ്ധപ്പെടുത്തണമെന്ന് സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.