സമയക്രമീകരണത്തില്‍ താളപ്പിഴകള്‍; വിശ്രമമില്ലാതെ സ്കൂള്‍ താരങ്ങൾ
1340253
Wednesday, October 4, 2023 11:44 PM IST
പത്തനംതിട്ട: സമയക്രമീകരണത്തിലെ താളപ്പിഴകള്‍ കാരണം സ്കൂള്‍ കായികമേളകള്‍ കുട്ടികളെ തളര്‍ത്തുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന സ്കൂള്‍ കായികമേളകള്‍ ഇക്കുറി ഒക്ടോബറില്‍ തന്നെയാണ്. ആവശ്യത്തിന് പരിശീലനവും വിശ്രമവും ലഭിക്കാതെ മത്സരത്തിനിറങ്ങുന്ന കുട്ടികളും അവരോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്.
മത്സരങ്ങള്ക്കുമുമ്പുള്ള ദിവസങ്ങളില്‍ പരിശീലനവും കരുതലും വിശ്രമവും കുട്ടികള്‍ക്കു ലഭിക്കില്ല. ശാരീരിക, മാനസിക സമ്മര്‍ദങ്ങള്‍ ഒരേപോലെ കുട്ടികളെ ബാധിക്കും. ഓരോ മത്സരങ്ങള്‍ക്കുശേഷവും ഒരാഴ്ച വിശ്രമം ലഭിക്കുന്ന രീതിയിലാണ് മുന്‍കൊല്ലങ്ങളില്‍ ഷെഡ്യൂളുകള്‍ ക്രമീകരിക്കാറുള്ളത്.
എന്നാല്‍, ഇക്കുറി ഇതിനു മാറ്റംവന്നു. തുടര്‍ച്ചയായി മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കുട്ടികളുടെ പ്രകടനത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്നു പരിശീലകരായ അധ്യാപകര്‍ പറയുന്നു. ഇതിനിടെ ചില പരീക്ഷകളും കടന്നുവരുന്നത് കുട്ടികളില്‍ വന്‍ മാനസിക സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്.
തട്ടിക്കൂട്ടി ഉപജില്ലാ മത്സരങ്ങള്‍
പലയിടത്തും ഉപജില്ലാ തല മത്സരങ്ങള്‍ നടക്കുന്നതേയുള്ളൂ. ചില ഉപ ജില്ലകളില്‍ തുടങ്ങിയിട്ടുമില്ല. ഇതിനിടെ കടന്നുവന്ന ശക്തമായ മഴ മത്സരങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ അഭാവം മറ്റൊരു പ്രശ്നമാണ്.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നാല് ഉപജില്ലകളുടെ മത്സരങ്ങളാണ് നടന്നുവരുന്നത്. ഇത് ഇന്നു മാത്രമേ പൂര്‍ത്തിയാകുകയുള്ളൂ. മഴ പെയ്തതോടെ ജില്ലാ സ്റ്റേഡിയം കുളമായി കിടക്കുകയാണ്. ചെളിക്കുണ്ടുകള്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ ട്രാക്കുകള്‍ തന്നെ ഇല്ലാതായി. ഇതിലാണ് താരങ്ങള്‍ മത്സരിച്ചത്.
ട്രാക്ക് ആന്‍ഡ് ഗെയിംസ് ഇനങ്ങള്‍ക്കായി റാന്നി, കോന്നി ഉപജില്ലകള്‍ സെപ്റ്റംബര്‍ 29,30 തീയതികളാണു സ്റ്റേഡിയം ബുക്കു ചെയ്തത്. പത്തനംതിട്ട, കോഴഞ്ചേരി ഉപജില്ലകള്‍ 3,4 തീയതികളിലും. എന്നാല്‍ കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴ മൂലം സ്റ്റേഡിയത്തില്‍ വെള്ളക്കെട്ടായതോടെ 29,30 തീയതികളില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളും ഈയാഴ്ചത്തേക്കു മാറ്റി.തിരുവല്ല പബ്ലിക് സ്റ്റേഡിയം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്.
പുല്ലാട് ഉപജില്ലാ മത്സരം ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ് ഗ്രൗണ്ടിലും ആറന്മുള ഉപജില്ലാ മത്സരം കുളനട പഞ്ചായത്ത സ്റ്റേഡിയത്തിലും ചൊവ്വ, ബുന്‍ ദിവസങ്ങളിലായി നടന്നു. മറ്റ് ഉപ ജില്ലകളിലെ മത്സരങ്ങള്‍ അഞ്ച്, ആറ് തീയതികളിലായും നടത്തും. കാലാവസ്ഥയെ ആശ്രയിച്ചിരിക്കും ഈമത്സരങ്ങളുടെ ഭാവിയും. ഇതെല്ലാം തീര്‍ന്നിട്ട് വേണം ജില്ലാ കായികമേള നടക്കാന്‍.
ജില്ലാ കായികമേള ഞായറാഴ്ച മുതല്‍
നിലവിലെ സാഹചര്യത്തില്‍ റവന്യൂജില്ലാ കായികമേള എട്ടിന് തുടങ്ങാനാണ് തീരുമാനം. ഞായറാഴ്ചയാണെങ്കിലും മറ്റു മാര്‍ഗമില്ലെന്നു സംഘാടകര്‍ പറയുന്നു. കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയമാണ് വേദി. നിലവില്‍ ഈ സ്റ്റേഡിയം മാത്രമേ ജില്ലാതല മത്സരത്തിന് അനുയോജ്യമായിട്ടുള്ളൂ.
യാത്രാബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും കുട്ടികള്‍ ഇവിടേക്ക് എത്തേണ്ടിവരും. എട്ട്, ഒമ്പത് കഴിഞ്ഞാല്‍ അടുത്ത ഒരു തീയതി കൂടി വേണ്ടിവരും. ഇതിനിടെ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ വരുന്നതു കാരണം ചൊവ്വ മുതല്‍ ബുദ്ധിമുട്ടുണ്ട്. നേരത്തെ ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി മത്സരം തീരുമാനിച്ചിരുന്നു.
അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം ഏഴിനു വന്നതോടെ അതും മാറ്റി. ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഒമ്പതു മുതല്‍ 13 വരെയാണ്. പരീക്ഷയും മത്സരങ്ങളും അടുത്തടുത്ത ദിവസങ്ങളിലായതിനാല്‍ കുട്ടികള്‍ കടുത്ത മാനസിക സംഘര്ഷത്തിലാണ.
കലണ്ടര്‍ മാറ്റിയതിനു പിന്നില്‍
സെപ്റ്റംബര്‍ 30 മുതല്‍ പാലക്കാട് നടന്ന സംസ്ഥാന അമച്വര്‍ അത് ലറ്റിക് മീറ്റില്‍ പലരും പങ്കെടുത്തവരാണ് സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നവരില്‍ ഒരു വിഭാഗം.. ഒക്ടോബര്‍ 15 മുതല്‍ 17 വരെ തെലങ്കാനയില്‍ ദക്ഷിണ മേഖല ജൂണിയര്‍ മീറ്റും നടക്കുന്നുണ്ട്.എത്ര പരിശ്രമിച്ചാലും കുട്ടികള്‍ക്കു നല്ലൊരു പങ്ക് മത്സരങ്ങളും നഷ്ടപ്പെടും.
അക്കാദമിക്ക് കലണ്ടര്‍ പ്രകാരം ഉപജില്ലാ, ജില്ലാ മത്സരങ്ങള്‍ ഒക്ടോബറിലാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. സംസ്ഥാനതല മത്സരങ്ങള്‍ നവംബർ, ഡിസംബര്‍ മാസങ്ങളിലും. എന്നാല്പെട്ടെന്നു യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സംസ്ഥാനതല മത്സരങ്ങള്‍ 16 മുതല്‍ 20 വരെ കുന്നംകുളത്ത് നടത്താല്‍ തീരുമാനിച്ചത്. ഇതും വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
25 മുതല്‍ നവംബര്‍ ഒന്പതുവരെ ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസിന് കേരളത്തില്‍ നിന്നുള്ള ഒഫീഷ്യലുകള്‍ക്കു പങ്കെടുക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന കായികമേള നേരത്തെയാക്കാന്‍ തീരുമാനിച്ചതെന്നാണ് കായികാധ്യാപകരുടെ വിശദീകരണം.