കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജീവനക്കാരെ പിരിച്ചുവിട്ടു സമരം പ്രഖ്യാപിച്ച് തൊഴിലാളികൾ
1549136
Friday, May 9, 2025 4:02 AM IST
കോന്നി: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടു. പ്രതിഷേധിച്ച് കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി.
60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടുന്നതായുള്ള അറിയിപ്പ് ബുധനാഴ്ച വൈകുന്നേരമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. മുന്നറിയിപ്പ് ഇല്ലാതെയും യാതൊരു ആനുകൂല്യങ്ങൾ നൽകാതെയും തൊഴിലാളികളെ പിരിച്ചുവിടുന്നതിനെതിരേ സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ഇന്നലെ മുതൽ അടവിയിൽ സമരവും തുടങ്ങി.
ഇക്കോ ടൂറിസം കേന്ദ്രമായ അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽക്കാർ ഉൾപ്പെടെ 40 ഓളം പേരാണ് ജോലി ചെയ്യുന്നത്. ഇവരിൽ പലരും കുട്ടവഞ്ചി സവാരിയുടെ ആരംഭകാലം മുതുള്ളവരാണ്. കുട്ടവഞ്ചി സവാരിയുമായി മുൻപരിചയമുള്ളവരും പരിശീലനം സിദ്ധിച്ചവരുമാണ്.
തൊഴിലാളികൾ സമരം പ്രഖ്യാപിച്ചതോടെ അടവിയിലെത്തിയ സഞ്ചാരികളും നിരശരായി. നിരവധി വിനോദ സഞ്ചാരികൾ ഇന്നലെ വാഹനങ്ങളിൽ അടവിയിൽ എത്തിയിരുന്നു. ഇവർക്ക് കുട്ടവഞ്ചി സവാരി ആസ്വദിക്കാനായില്ല.
അടവി ഇക്കോ ടൂറിസം കേന്ദ്രത്തെ തകർക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് തൊഴിലാളികൾ ആരോപിച്ചു. വിവിധ യൂണിയൻ പ്രതിനിധികളായ പ്രവീൺ പ്രസാദ്, ബിജു മാത്യു, മോഹനൻ, സന്തോഷ് , മുരളി എന്നിവർ പ്രസംഗിച്ചു.