ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണയിൽ ചന്ദനപ്പള്ളി തിരുനാൾ
1548835
Thursday, May 8, 2025 3:19 AM IST
ചന്ദനപ്പള്ളി: സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അനുസ്മരണ റാലി ചന്ദനപ്പള്ളിയിൽ നടന്നു. ദേവാലയത്തിൽ നിന്നാരംഭിച്ച റാലി ജംഗ്ഷനിലെത്തി തിരികെ പള്ളിയിൽ സമാപിച്ചു. അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ബിജെപി ജില്ലാ പ്രസിഡന്റ് വി. എ. സൂരജ്, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, ഡിവൈഎസ്പി ജി. സന്തോഷ് കുമാർ, ഡോ. കെ. ബി. ജഗദീഷ്, തോമസ് ജോസ് അയ്യനേത്ത്, വികാരി ഫാ. ബെന്നി നാരകത്തിനാൽ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
ആചാരപരമായി ചെന്പെടുപ്പ്
ചന്ദനപ്പള്ളി കത്തോലിക്കാ പള്ളി തിരുനാളിന് ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നതിനാൽ ഇത്തവണ ചെന്പെടുപ്പും ആചാരപരമായി മാത്രമായിരുന്നു. പുരുഷന്മാരും സ്ത്രീകളും നേതൃത്വം നൽകിയ ചെമ്പെടുപ്പ് റാസ ദേവാലയത്തിനു ചുറ്റുമായി തുടർന്നു നേർച്ചവിതരണവും നടന്നു.
ഇന്നലെ രാവിലെ വള്ളിക്കോട്, വെള്ളപ്പാറ, കുടമുക്ക്, ഇടത്തിട്ട , തട്ട, കൈപ്പട്ടൂർ ഗ്രാമ പ്രതിനിധികൾ ചെന്പിൽ അരി സമർപ്പിച്ചു. പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കുർബാനയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടന്നു.
ഭവന, വിദ്യാഭ്യാസ, വിവാഹ, ചികിത്സ, പദ്ധതികളുടെ വിതരണം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. ജോസ് ചന്ദനപ്പള്ളിയുടെ മഹാരക്തസാക്ഷി വിശുദ്ധഗീവർഗീസും ചന്ദനപ്പള്ളിയും എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും കേന്ദ്രമന്ത്രി ജോർജ് കുര്യനും ചേർന്നു നിർവഹിച്ചു.
ഉച്ചയ്ക്ക് നടന്ന വെച്ചൂട്ടിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുനാളിനു സമാപനം കുറിച്ച് 11നു രാവിലെ 8.30 ന് ഖസാഖിസ്ഥാനിലെ വത്തിക്കാൻസ്ഥാനപതി ആർച്ച് ബിഷപ് മാർ ജോർജ് പനംതുണ്ടിൽ കുർബാനയ്ക്കു മുഖ്യ കാർമികത്വം വഹിക്കും.
ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാൽ, സഹവികാരി ഫാ. സനു സാം തെക്കേകാവിനാൽ, ട്രസ്റ്റി വിൽസൺ പാലവിള, സെക്രട്ടറി ഫിലിപ്പ് കിടങ്ങിൽ, പ്രോഗ്രാം കൺവീനർ ബാബു കെ. പരുമല, ഫെബിൻ സാം എന്നിവർ നേതൃത്വം നൽകി.