ഭക്തിസാന്ദ്രം; ചന്ദനപ്പള്ളി ചെമ്പെടുപ്പിന് ജനസാഗരം
1549140
Friday, May 9, 2025 4:06 AM IST
ചന്ദനപ്പള്ളി: ഭക്തിയുടെയും ആവേശത്തിന്റെയും അലകളുയർത്തി വിശ്വാസ സാഗരത്തെ സാക്ഷിയാക്കി ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ചെമ്പെടുപ്പ് സമാപിച്ചു.
തിരുശേഷിപ്പ് കബറിടത്തിൽ പ്രാർഥനകൾ അർപ്പിക്കുന്നതിനും ചെമ്പിൽ അരി സമർപ്പിക്കുന്നതിനുമായി ആയിരക്കണക്കിനു വിശ്വാസികൾ ഒഴുകിയെത്തിയത് ചന്ദനപ്പള്ളിയെ ഭക്തിസാന്ദ്രമാക്കി. രാവിലെ അങ്ങാടിക്കൽ മേക്കാട്ട് കുടുംബ കാരണവർ ആദ്യം ചെമ്പിൽ അരി ഇട്ടു. തുടർന്നു വിശ്വാസികളും നേർച്ച സമർപ്പിച്ചു.
പാതി വേവിച്ച ചോറ് തയ്യാറാക്കാൻ ചെമ്പിൽ ആദ്യ കുടം വെള്ളം ട്രസ്റ്റി വർഗീസ് കെ. ജയിംസ് , സെക്രട്ടറി ഷാജി തോമസ് എന്നിവർ പകർന്നു. വികാരി ഫാ. സുനിൽ ഏബ്രഹാമും സഹവികാരി ഫാ. ജോബിൻ യോഹന്നാനും അടുപ്പിൽ വിറകിടീൽ നടത്തി അഗ്നി ജ്വലിപ്പിച്ചു.
മൂന്നിന്മേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലിത്ത, ഡോ. യൂഹാനോൻ മാർ ദിമത്രയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം എന്നിവർ സഹകാർമികത്വം വഹിച്ചു.
തുടർന്നു നടന്ന തീർഥാടക സംഗമം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഡോ. ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ ബ്ലസിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് നൽകി ആദരിച്ചു.
വൈകുന്നേരം ദേവാലയത്തിൽ നിന്നും ചന്ദനപ്പള്ളി ജംഗ്ഷനിലേക്ക് പകൽ റാസ നടന്നു. പൊൻ വെള്ളികുരിശുകളും മുത്തുക്കുടകളും വാദ്യമേളങ്ങളും റാസക്ക് നിറപ്പകിട്ടേകി.
ചന്ദനപ്പള്ളി ജംഗ്ഷനിൽ മന്ത്രി പി. പ്രസാദ് മുഖ്യസന്ദേശം നൽകി. അനിൽ പി. വർഗീസ്, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജസ്റ്റസ് നാടാവള്ളിൽ, ജേക്കബ് ജോർജ് കുറ്റിയിൽ, റോയി വർഗീസ്, ആരോൺ ജി. പ്രീത്, സെബിൻ ബാബു എന്നിവർ നേതൃത്വം നൽകി. തുടർന്നായി രുന്നു പ്രസിദ്ധമായ ചെന്പെടുപ്പ്.
കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ, ഫാ. ഇടിക്കുള്ള ഡാനിയേൽ, ഫാ. ജേക്കബ് ബേബി, ഫാ. ജേക്കബ് ഡാനിയേൽ, ഫാ. ഷൈജു ചെറിയാൻ, ഫാ. എബിൻ സജി, ഫാ. റിനിൽ പീറ്റർ എന്നിവർ ആശീർവദിച്ചു. 11 ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.