മാർ യോഹാൻ മെത്രാപ്പോലീത്തയുടെ ഒന്നാം ചരമവാർഷികാചരണം ഇന്നും നാളെയും
1548847
Thursday, May 8, 2025 3:32 AM IST
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ അധ്യക്ഷൻ മാർ യോഹാൻ മെത്രാപ്പോലീത്തയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സ്മൃതി 2025. ഇന്നും നാളെയുമായി സഭാ ആസ്ഥാനത്ത് നടത്തും. ഇന്ന് രാവിലെ ആറിന് ബിലീവേഴ്സ് സെന്റ് തോമസ് കത്തീഡ്രലിൽ കുർബാന തുടർന്ന് ധൂപ പ്രാർഥന.10.30 ന് സ്മൃതി 2025 ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ സാമുവൽ തെയോഫിലോസ് അധ്യക്ഷത വഹിക്കും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യാതിഥി ആയിരിക്കും. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. മലബാർ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് അനുസ്മരണ പ്രഭാഷണം. വിവിധ സഭകളിലെ മെത്രാപ്പോലീത്തമാർ പങ്കെടുക്കും.
വൈകുന്നേരം അഞ്ചിന് രമേശ് ചെന്നിത്തല എംഎൽഎ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യും. മാർ സാമുവൽ തെയോഫിലോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ഡോ. ഗീവർഗീസ് മാർ കൂറിലോസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോ. സിറിയക് തോമസ് എന്നിവർ പ്രസംഗിക്കും.
നാളെ രാവിലെ ഒന്പതിന് യോഹാൻ കാരുണ്യ സ്മൃതി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മാർ സാമുവൽ തെയോഫിലോസ് അധ്യക്ഷത വഹിക്കും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. സ്കോളർഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനം ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് നിർവഹിക്കും. ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം കൽദായ ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ് നിർവഹിക്കും.