കൃഷ്ണപ്രസാദം വീട്ടുമുറ്റത്ത് വിളയാത്തതായി ഒന്നുമില്ല
1377445
Sunday, December 10, 2023 11:19 PM IST
പുല്ലാട്: കൃഷ്ണപ്രസാദത്തിന്റെ അങ്കണത്തില്‍ വിളയാത്തതായി ഒന്നുമില്ല. വീട്ടുമുറ്റത്തും പരിസരങ്ങളിലുമായി സുമിത പ്രസാദ് തുടങ്ങിവച്ച പച്ചക്കറി കൃഷി ഇന്നു ശ്രദ്ധേയമായി കഴിഞ്ഞു. തുടക്കം ഒരു കൗതുകമായിരുന്നെങ്കിലും ലക്ഷ്യം വീട്ടാവശ്യത്തിനു വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുകയെന്നതായിരുന്നു.
പയര്‍, വെണ്ട, തക്കാളി, കോളിഫ്ളവര്‍, കോവയ്ക്ക, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികള്‍ക്കൊപ്പം ചെറിയ രീതിയിലുള്ള കൃഷിയും സുമിത ഏറ്റെടുത്തു. നാടന്‍ വാഴയും മരച്ചീനിയും കാച്ചിലും ചേനയുമൊക്കെ ഇവരുടെ കൃഷിയിടത്തിലുണ്ട്. 250 ലധികം മൂട് പച്ചക്കറിയാണ് ഗ്രോബാഗിലുള്ളത്. ചരലും മെറ്റലും നിറഞ്ഞ വീട്ടുമുറ്റത്ത് പ്രത്യേക രീതിയില്‍ ഗ്രോബാഗ് ക്രമീകരിച്ചാണ് കൃഷി നടത്തുന്നത്. ജൈവവളത്തോടൊപ്പം കൊന്നയിലയും ചാണകവും ചേര്‍ത്ത മിശ്രിതവും കൃഷിക്ക് ഉപയോഗിക്കുന്നു.
എല്‍ഐസി എംടിആര്ടി മെംബറും ഫിനാന്‍സ് അഡൈ്വസറും കൂടിയായ സുമിത തന്റെ ജോലിത്തിരക്കിനിടയില്‍ രാവിലെയും വൈകുന്നേരവും കൃഷിയെ പരിപാലിക്കുന്നതിനു സമയം കണ്ടെത്തുകയാണ് പതിവ്. യാതൊരു രാസവളവും കൃഷിക്ക് ഉപയോഗിക്കുന്നില്ല.
കീടങ്ങളുടെ ശല്യം ഒഴിവാക്കാന്‍ പരമ്പരാഗതരീതിയിലുള്ള ലായനി ഉപയോഗിക്കാറുണ്ട്. കോയിപ്രം കൃഷിഭവനില്‍നിന്നുള്ള സഹായവും ലഭ്യമാകുന്നുണ്ടെന്ന് സുമിത പറഞ്ഞു. പാരമ്പര്യമായി ലഭിച്ച കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകളും ഇവര്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
ജലക്ഷാമം പരിഹരിക്കുന്നതിനും കൃഷിയിടത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കളായ എന്‍ജിനിയര്‍ അനഘയും വിദ്യാര്‍ഥിയായ അര്‍ജുനും സമയം കിട്ടുമ്പോഴൊക്കെ അമ്മയെ കൃഷി കാര്യങ്ങളില്‍ സഹായിക്കാറുണ്ട്.