'ദൃശ്യം: ദി കൺക്ലൂഷൻ' എന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ.
ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടൻ അക്ഷയ് ഖന്ന ചിത്രത്തിൽനിന്നു പിന്മാറിയതും തുടർന്നു നേരിട്ട പ്രതിസന്ധികളും വെളിപ്പെടുത്തി സംവിധായകൻ അഭിഷേക് പഥക്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് ഏഴു ദിവസം മുൻപാണു സാങ്കേതികവും സാമ്പത്തികവുമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അക്ഷയ് ഖന്ന പ്രൊജക്റ്റിൽനിന്ന് അപ്രതീക്ഷിതമായി പിന്മാറുന്നത്.
പെട്ടെന്നുള്ള പിന്മാറ്റം വലിയ അതൃപ്തിയുണ്ടാക്കിയെങ്കിലും ചിത്രീകരണം നീട്ടിവയ്ക്കേണ്ടതില്ലെന്ന് അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. സെറ്റുകൾ സജ്ജമായതിനാലും പ്രതിദിന വേതനക്കാരായ നൂറുകണക്കിനു തൊഴിലാളികളെയും മറ്റു താരങ്ങളെയും ബാധിക്കുന്നതുകൊണ്ടുമാണ് ഈ തീരുമാനം എടുത്തത്.
തുടർന്ന്, വെറും രണ്ടു ദിവസത്തിനുള്ളിൽ ജയ്ദീപ് അഹ്ലാവതിനെ ചിത്രത്തിലേക്ക് എത്തിക്കുകയായിരുന്നു. മുൻ കഥാപാത്രത്തിനു പകരമായി പുതിയൊരു കഥാപാത്രത്തെ ഉൾപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയാണ് ജയ്ദീപിനെ ഉൾപ്പെടുത്തിയത്. വലിയ വെല്ലുവിളിയായിരുന്നിട്ടും കുറഞ്ഞ സമയത്തിനുള്ളിൽ ജയ്ദീപ് കഥാപാത്രത്തെ മനോഹരമായി പൂർത്തിയാക്കിയെന്ന് അഭിഷേക് പഥക് വ്യക്തമാക്കി.
'ദൃശ്യം: ദി കൺക്ലൂഷൻ' എന്നു പേരിട്ടിരിക്കുന്ന മൂന്നാം ഭാഗത്തിൽ അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ, രാജ്കൗശൽ പ്രകാശ് രാജ്, സൗരഭ് ശുക്ല തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്. ചിത്രം ഒക്ടോബർ രണ്ടിനു തിയേറ്ററുകളിൽ എത്തും. മലയാളം പതിപ്പിൽനിന്നു വ്യത്യസ്തമായ കഥാസന്ദർഭങ്ങളാണു ഹിന്ദി പതിപ്പ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അജയ് ദേവ്ഗൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Tags : EntertainmentNews Bollywood Drishyam3 AkshayeKhanna AbhishekPathak AjayDevgn